ദുബായ്: ഷാർജയിലേക്ക് എളുപ്പത്തിൽ എത്താവുന്ന ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ച പുതിയ ബസ് റൂട്ട് ഒക്ടോബർ 25-ന് തുറക്കും. ദുബായ് യൂണിയൻ മെട്രോ സ്റ്റേഷനും ഷാർജ അൽ ജുബൈൽ സ്റ്റേഷനുമിടയിലാണ് പുതിയ ബസ് റൂട്ട് ഇ 303 ഞായറാഴ്ച ഓടിത്തുടങ്ങുക. രണ്ട് എമിറേറ്റുകൾക്കിടയിലുള്ള യാത്രാസമയത്തിൽ 15 മിനിറ്റ് കുറവുവരുത്തും. പുതിയ റൂട്ടിൽ പത്ത് ഡബിൾ ഡെക്കർ ബസുകളും വിന്യസിക്കുമെന്ന് ആർ.ടി.എ. പൊതുഗതാഗത ഏജൻസി ആസൂത്രണ വികസന ഡയറക്ടർ അദേൽ ശക്രി പറഞ്ഞു.
കൂടാതെ മറ്റ് ഒട്ടേറെ റൂട്ടുകൾ ഞായറാഴ്ച മുതൽ പരിഷ്കരിക്കും. റൂട്ട് 77 എമിറേറ്റ്‌സ് മെട്രോ സ്റ്റേഷൻ വഴി ആർ.ടി.എ. ഹെഡ് ഓഫീസിലേക്ക് വ്യാപിപ്പിക്കും. റൂട്ട് സി 19 നിർത്തലാക്കും. റൂട്ട്‌സ് എക്സ്94, എക്സ്02, ഡിപിആർ1, 367, 97, 64എ, 7 എന്നിവയുടെ സമയത്തിൽ മാറ്റം വരുത്തും. ഖിസൈസ് വ്യവസായ മേഖലയിൽനിന്ന് അൽ നഹ്ദ മെട്രോ സ്റ്റേഷൻ വരെയുള്ള പുതിയ മെട്രോ ലിങ്ക് ബസും (എഫ് 81) ഞായറാഴ്ച ഓടിത്തുടങ്ങും.
ഓരോ 15 മിനിറ്റ് ഇടവേളയിലും സേവനമുണ്ടാകുമെന്ന് അദേൽ ശക്രി പറഞ്ഞു. നഗരത്തിലെ പൊതു ബസ് ശൃംഖല വിപുലീകരിക്കുന്നതിനും മെട്രോ, ട്രാം ജലഗതാഗതം തുടങ്ങി മറ്റ് ബഹുജന ഗതാഗത മാർഗങ്ങളുമായുള്ള സംയോജനം മെച്ചപ്പെടുത്തുന്നതിനുമുള്ള ആർ.ടി.എയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം.