അബുദാബി ∙ റമസാൻ വിളിപ്പാടകലെ എത്തിയതോടെ യുഎഇയിൽ ഒരുക്കങ്ങൾ സജീവം. 75 ശതമാനം വരെ ആദായ വിൽപന പ്രഖ്യാപിച്ച് വൻകിട ഹൈപ്പർമാർക്കറ്റ് ശൃംഖലകളും രംഗത്തുണ്ട്. മസ്ജിദുകളിൽ സൗകര്യങ്ങൾ വർധിപ്പിച്ചും ഇഫ്താർ ടെന്റുകൾ ഒരുക്കിയും വിശ്വാസികളെ സ്വീകരിക്കാനുള്ള തയാറെടുപ്പ് അന്തിമ ഘട്ടത്തിലാണ്. യുഎഇ മതകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് തയാറെടുപ്പുകൾ നടക്കുന്നത്. മാർച്ച് ഒന്നിനായിരിക്കും വ്രതാരംഭം എന്നാണ് സൂചന.
∙ പ്രാർഥനകൾക്ക് അധികസൗകര്യം
ആരാധനാലയങ്ങൾ അറ്റകുറ്റപ്പണി ചെയ്തും വൃത്തിയാക്കിയും പെയിന്റടിച്ചും പരവതാനികൾ മാറ്റിയും കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളുംവിധം വിപുലീകരിച്ചുമാണ് തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. റമസാനിൽ കൂടുതൽ വിശ്വാസികൾ എത്തുന്ന പള്ളികളിലെല്ലാം നമസ്കാരത്തിനും മറ്റുമായി അധിക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ കൂടുതൽ ഖുർആൻ പ്രതികളും എത്തിച്ചുകഴിഞ്ഞു.
∙ ആരാധനകളെ അടുത്തറിഞ്ഞ്…
റമസാന് മുന്നോടിയായി വിശ്വാസികളെ സജ്ജരാക്കാൻ മസ്ജിദുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകളും നടത്തിവരുന്നു. മതകാര്യവകുപ്പിന്റെ പ്രത്യേക നിർദേശ പ്രകാരം അസർ, ഇശാ പ്രാർഥനയ്ക്കു ശേഷമാണ് മതവിജ്ഞാന ക്ലാസുകൾ അതത് ഇമാമുമാരുടെ നേതൃത്വത്തിൽ നടത്തിവരുന്നത്. നോമ്പിന്റെ നിയമവശങ്ങൾ, വ്രതാനുഷ്ഠാനത്തിന്റെ സവിശേഷത, സൗഹാർദം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത, സ്വഭാവ ശുദ്ധീകരണം, ഖുർആൻ പാരായണത്തിന്റെ മഹത്വം, സകാത്ത് തുടങ്ങിയ വിഷയങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ക്ലാസ് സംഘടിപ്പിച്ചത്.
∙ ഇഫ്താർ ക്യാംപെയ്ൻ
റെഡ് ക്രസന്റുമായി സഹകരിച്ചു റമസാനിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമേ ഇഫ്താർ ക്യാംപെയ്നിനുള്ള ഒരുക്കങ്ങളും സജീവമാക്കി. ആരാധനാലയങ്ങളോട് ചേർന്നും പൊതു സ്ഥലങ്ങളിലും ഇഫ്താർ ടെന്റുകൾ ഒരുക്കിവരുന്നു. വിവിധ രാജ്യക്കാരായ വിദേശികൾക്ക് നോമ്പുതുറയ്ക്കുള്ള അവസരമാണ് ടെന്റുകളിൽ ലഭ്യമാകുക.
∙ വിലക്കുറവിന്റെ ആശ്വാസം
25 മുതൽ 75 ശതമാനം വരെ ആദായ വിൽപനയുമായി യുഎഇയിലെ വ്യാപാര സ്ഥാപനങ്ങൾ രംഗത്തുണ്ട്. റമസാനിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്ന നിത്യോപയോഗ സാധനങ്ങൾ അടക്കം 5500 ഇനങ്ങൾക്ക് 65 ശതമാനം ആദായ വിൽപന പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകൾ. വിലസ്ഥിരത ഉറപ്പാക്കാൻ മുന്നൂറിലേറെ ഉൽപന്നങ്ങൾക്ക് പ്രൈസ് ലോക്ക് സംവിധാനവും ഏർപ്പെടുത്തി.
യൂണിയൻ കോഓപറേറ്റീവ് സൊസൈറ്റികളും രാജ്യത്തെ മറ്റു സൂപ്പർ, ഹൈപ്പർമാർക്കറ്റ് ശൃംഖലകളും വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസാധനങ്ങളടങ്ങിയ റമസാൻ കിറ്റുകളും വിപണിയിൽ ലഭ്യം.
∙ വില കൂട്ടിയാൽ പൂട്ടേണ്ടി വരും
റമസാനിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. വിപണിയിൽ നിരീക്ഷണം ശക്തമാക്കി. വിലനിലവാരം ഉറപ്പുവരുത്താൻ മിന്നൽ പരിശോധന നടത്തും. കുറ്റക്കാർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്കു നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്.