റാക് ഹോസ്പിറ്റലും യു.എ.ഇ. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയവും (മൊഹാപ്) സംയുക്തമായി ശരീരഭാരം കുറയ്ക്കാൻ മത്സരം സംഘടിപ്പിക്കുന്നു. 17-ന് ആരംഭിച്ച് 2022 മാർച്ച് നാലിന് ലോക പൊണ്ണത്തടി ദിനത്തിൽ സമാപിക്കുന്ന തരത്തിലാണ് മത്സരം.പത്താഴ്ചത്തെ മത്സരത്തിൽ 3000-ത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. യു.എ.ഇ.യിലെ സ്വദേശികൾക്കും വിദേശികൾക്കുമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് മൊഹാപ് ഓഫീസ് ഡയറക്ടർ ഖാലിദ് അബ്ദുല്ല അൽ ഷെഹി പറഞ്ഞു.ഓരോ കിലോ കുറയ്ക്കുന്നവർക്കും 500 ദിർഹം നേടാനാവും. കൂടാതെ, വിജയികൾക്ക് ഹോളിഡേ പാക്കേജുകൾ, ഡൈനിങ് വൗച്ചറുകൾ തുടങ്ങി ധാരാളം സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
പങ്കെടുക്കുന്നവർക്ക് പോഷകാഹാര വിദഗ്ധരുടെ നിർദേശങ്ങൾ, വ്യായാമ സെഷനുകൾ എന്നിവ നൽകും. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വെബിനാറുകൾ 25 മുതൽ എല്ലാ ശനിയാഴ്ചകളിലും നടക്കും.
വിജയികളെ മാർച്ച് നാലിന് പ്രഖ്യാപിക്കും. ഈ മാസം 17 മുതൽ 19 വരെ റാക്ക് ആശുപത്രിക്ക് സമീപം രജിസ്‌ട്രേഷന് സംവിധാനമൊരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക് http://www.rakweightlosschallenge.com