സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു പോരാട്ടം’ എന്ന സന്ദേശമുയര്‍ത്തി റാക് വനിത പൊലീസ് ടീമിന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ ഓറഞ്ച് കാമ്പയിന് സംഘടിപ്പിച്ചു.സ്ത്രീകളുടെ അന്തസ്സ് കാത്തു സൂക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതവും സുസ്ഥിരവുമായ ജീവിതം നയിക്കുന്നതിനുള്ള അവകാശങ്ങള്‍ വകവെച്ചുകൊടുക്കേണ്ടതും അനിവാര്യമാണെന്ന് റാക് വനിത ജനറല്‍ കമാന്‍ഡ് ടീം മേധാവി മേജര്‍ അമല്‍ ഹസന് അല്‍ ഒബൈദ് അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടത്തെ പിന്തുണക്കുന്നതാണ് ഓറഞ്ച് കാമ്പയിന്.കഴിഞ്ഞ വാരം തുടങ്ങിയ പ്രചാരണ പരിപാടികള്‍ ഈ മാസം ഒമ്പതുവരെ തുടരും. വെള്ളിയാഴ്ച റാക് അൽ ഖാസിം കോര്‍ണീഷില്‍ അമന് സെന്റര്‍ ഫോർ വുമണുമായി സഹകരിച്ച് പ്രത്യേക പരിപാടികള്‍ നടക്കും.കുട്ടികളുടെ ഷെല്‍ട്ടര്‍, വനിത കായിക മത്സരങ്ങള്‍, ഓറഞ്ച് കാമ്പയിന് അവലോകനം തുടങ്ങിയവയാണ് പരിപാടികള്‍. സുരക്ഷിതമായ സാമൂഹിക സൃഷ്ടിപ്പിന് സ്വസ്ഥമായ കുടുംബാന്തരീക്ഷം സാധ്യമാക്കണം. സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ നിറവേറ്റുന്നതിനും രാഷ്ട്ര വികസനത്തിനും ഉതകുന്ന വിഷയങ്ങളുമായാണ് ഓറഞ്ച് കാമ്പയിന് പുരോഗമിക്കുന്നതെന്നും അമല്‍ ഹസന് തുടര്‍ന്നു.