അഞ്ച് വർഷവും മൂന്ന് മാസവും നീണ്ട സംഭവ ബഹുലമായ കാലഘട്ടത്തിന് ശേഷം
ആരിഫ് മുഹമ്മദ് ഖാൻ കേരള വിടുമ്പോൾ ഗവർണർ സർക്കാർ പോരിന് അയവുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളത്തിന്റെ ആകാംക്ഷ. എന്നാൽ ആരിഫ് മുഹമ്മദ് ഖാന് പകരം വരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആർ.എസ്.എസ് വഴി ബി.ജെ.പിയിലെത്തിയ തികഞ്ഞ രാഷ്ട്രീയക്കാരനാണ്.
നിയമസഭയിലെ പ്രതിപക്ഷത്തിന് പുറമേ രാജ് ഭവനിൽ അതിനേക്കാൾ വീര്യം കൂടിയ ഒരു പ്രതിപക്ഷം.അങ്ങനെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സംസ്ഥാനത്തെ ഭരണമുന്നണി കണ്ടുപോന്നത്. ഗവർണറെ മാറ്റിയെന്ന വാർത്തകേട്ടപ്പോൾ രണ്ടു വശത്തായി പോരടിച്ച് നിന്ന സംഭവബഹുലമായ ആ കാലത്തിന് അറുതി വരുമോ എന്നാണ് ഭരണ നേതൃത്വത്തിൻെറ മനസിലേക്ക് ഓടിയെത്തിയ ആദ്യ ചിന്ത. എന്നാൽ ആരിഫ് മുഹമ്മദ് ഖാനേക്കാൾ സംഘപരിവാർ രാഷ്ട്രീയം മുറുകെ പിടിക്കുന്ന തനി രാഷ്ട്രീയക്കാരനാണ് ഇനി ഗവർണറായി വരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
രണ്ട് കൊല്ലത്തിൽ താഴെ ബി.ജെ.പിയിൽ പ്രവർത്തിച്ച ബന്ധം മാത്രമേ ആരിഫ് ഖാന് ഉണ്ടായിരുന്നുളളു. ചെറുപ്പത്തിലെ ആർ.എസ്.എസ് ശിക്ഷണം കിട്ടി വളർന്ന ഗോവക്കാരാനായ ആർലേക്കറിന് അയൽ സംസ്ഥാനമായ കേരളത്തിൻെറ രാഷ്ട്രീയം അത്ര അപരിചിതമായിരിക്കില്ല. അതുകൊണ്ടുതന്നെ രാജ് ഭവനുമായുളള ബന്ധം ഊഷ്മളമാകുമെന്ന വലിയ പ്രതീക്ഷ ഒന്നും ഭരണ നേതൃത്വം വെച്ചുപുലർത്തുന്നില്ല. എങ്കിലും കടുകിട വിട്ടുവീഴ്ചചെയ്യാത്ത പ്രകൃതമുളള ആരിഫ് മുഹമ്മദ് ഖാൻെറ അത്ര
പോരാട്ട വീര്യം കാണില്ലെന്ന പ്രതീക്ഷയിലാണ് ഭരണമുന്നണി.ആർലേക്കർ ഗവർണറായിരുന്ന ഹിമാചലിലും ബിഹാറിലും പോരാട്ടം വേണ്ടി വന്നിട്ടില്ല.ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിൻ്റെ 23-ാമത് ഗവർണറാണ്. മുമ്പ് ബീഹാറിൻ്റെ 29-ാമത് ഗവർണറായും ഹിമാചൽ പ്രദേശിൻ്റെ 21-ാമത് ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവ സർക്കാരിൽ കാബിനറ്റ് മന്ത്രിയായും ഗോവ നിയമസഭയുടെ മുൻ സ്പീക്കറായും രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പ്രവർത്തിച്ചിട്ടുണ്ട്. തുടക്ക കാലം മുതൽ തന്നെ ആർഎസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 1989-ൽ ഭാരതീയ ജനതാ പാർട്ടിയിൽ അംഗമായ അദ്ദേഹം 1980 മുതൽ ഗോവ ബിജെപിയിൽ സജീവ സാന്നിധ്യമായിരുന്നു.
വർഷങ്ങളായി ബിജെപിയുടെ ഗോവ യൂണിറ്റിൻ്റെ ജനറൽ സെക്രട്ടറി, ഗോവ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാൻ, ഗോവ സംസ്ഥാന പട്ടികജാതി, പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ തുടങ്ങി നിരവധി ചുമതലകൾ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കൈകാര്യം ചെയ്തിട്ടുണ്ട്. ബിജെപിയുടെ സൗത്ത് ഗോവ പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ കേന്ദ്ര പ്രതിരോധ മന്ത്രിയായി മനോഹർ പരീക്കർ മാറിയപ്പോൾ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചവരിൽ അർലേക്കറും ഉണ്ടായിരുന്നു. എന്നാൽ, ലക്ഷ്മികാന്ത് പർസേക്കറിനെയാണ് ബിജെപി തെരഞ്ഞെടുത്തത്.
ഗോവ നിയമസഭ കടലാസ് രഹിതമാക്കാനുള്ള നീക്കത്തിന് തുടക്കമിട്ടത് അർലേക്കറായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന നിയമസഭയായി ഗോവ മാറിയിരുന്നു. 2015ൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പരിസ്ഥിതി, വനം മന്ത്രിയായി അദ്ദേഹം നിയമിതനായി. 2021 ജൂലൈ 6-ന്, ബന്ദാരു ദത്താത്രേയയുടെ പിൻഗാമിയായി അർലേക്കർ ഹിമാചൽ പ്രദേശ് ഗവർണറായി നിയമിക്കപ്പെട്ടു.
രാഷ്ട്രപതി നിയമിച്ച പുതിയ ഗവർണർമാർ
1. മിസോറാം ഗവർണർ ഡോ. ഹരി ബാബു കമ്പംപതിയെ ഒഡീഷ ഗവർണറായി നിയമിതനായി.
2. ജനറൽ വിജയ് കുമാർ സിംഗിനെ മിസോറം ഗവർണറായി നിയമിച്ചു.
3. ബീഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കേരള ഗവർണറായി നിയമിച്ചു.
4. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറായി നിയമിതനായി.
5. മണിപ്പൂർ ഗവർണറായി അജയ് കുമാർ ഭല്ലയെ നിയമിച്ചു.