“ലൈഫ് ഈസ് ബ്യൂട്ടിഫുൾ” ഭൂമിയിലെ സകല ജീവജാലങ്ങളും ആഗ്രഹിക്കുന്ന ഒരു വാക്കാണ് മേൽ പറഞ്ഞത്… സുഖവും സമാധാനവുമുള്ള ഒരു ജീവിതം…അതിനായ് മനുഷ്യരാശി മുഴുവനും കഠിനപ്രയത്നങ്ങളിലാണ്… അതിനായ് ഏറ്റവും അത്യാവശ്യമായ ഘടകം ഏതാണെന്നു അറിയുമോ?
നല്ലൊരു ജീവിതശൈലി ഉണ്ടാക്കിയെടുക്കുക എന്നതാണ് വിജയകരമായ ഒരു ജീവിതത്തിന്റെ ആദ്യ പടി…
നല്ലൊരു ജീവിതത്തിനായ് നല്ലൊരു മാതൃക തന്നെ തെരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.. നമ്മുടെ ഓരോ ചെറുതും വലുതുമായ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തിയവരായിരിക്കണം നമ്മുടെ റോൾമോഡൽ… പ്രശസ്തരായ പല മഹത് വ്യക്തികളും നമ്മുക്ക് മുന്നിൽ മിന്നിമറഞ്ഞേക്കാം.. എങ്കിലും അവരുടെ മുന്നിൽ അവർ മാതൃകയായി കണ്ട ഒരേഒരു വ്യക്തിത്വം അതാണ് വർഷങ്ങൾക്ക് മുമ്പ് അറബ് മണലാരണ്യത്തിൽ തന്റെ ഉദാത്തമായ ജീവിതമാതൃക കാട്ടിയ അന്ത്യ പ്രവാചകനായ മുഹമ്മദ് നബി….
നിത്യേനയുള്ള ജീവിതരീതികളിൽ വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു പ്രവാചകർ.. അത് തന്നെയാണ് ആ ജീവിതവിജയത്തിന്റെ രഹസ്യവും…ആത്മീയതയിൽ മാത്രം ഒതുങ്ങിയതായിരുന്നില്ല ആ ജീവിതരീതികൾ.. മറിച്ച് ആയുരാരോഗ്യങ്ങളിൽ നല്ലൊരു സ്വാധീനം ചെലുത്തുന്നതുമായിരുന്നു.. ആധുനിക ശാസ്ത്രം തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഓരോ കാര്യങ്ങളും..പലതും തെളിഞ്ഞതിൽ അത്ഭുതമുളവാക്കുന്നതായും കാണാൻ കഴിയും.. ഒരുപാട് വിശേഷഗുണങ്ങളാൽ പ്രകീർത്തിക്കപ്പെട്ടവർ “നല്ലൊരു ശാസ്ത്രജ്ഞൻ” എന്ന വിശേഷണത്തിനും അർഹതയുള്ള അദ്ദേഹത്തിന്റെ ദൈനംദിന ജീവിതരീതികൾ ഒന്ന് നോക്കിയാലോ?
*അതിരാവിലെ എണീക്കുക എന്ന മഹത്തായ ശീലമായിരുന്നു പുണ്യ പ്രവാചകരുടേത്… ശാസ്ത്രീയമായി മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉണർവുനൽകുന്ന ഒരുകാര്യമാണത്…
*അഞ്ച് നേരത്തെ നമസ്കാരം… മാറിവരുന്ന ജീവിതരീതികളിൽ ശാസ്ത്രം ഏറെ എടുത്തു പറയപ്പെടുന്ന ഒരു കാര്യമാണ് ചിട്ടയോടെയുള്ള വ്യായാമം,ഏകാകൃത.. അതിന് മുമ്പെയുള്ള ശരീര ശുദ്ധി വരുത്തുന്ന കാര്യങ്ങൾ ഇപ്പോൾ നാം കടന്നു പോയി കൊണ്ടിരിക്കുന്ന കോവിഡ്_10 കാലത്ത് വളരെയധികം ചർച്ച ചെയ്തുവന്ന കാര്യമായിരുന്നു..
*കൃത്യമായ ദന്തപരിരക്ഷയിൽ പ്രവാചകൻ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. സിവാക് എന്ന മരത്തിൻ കഷ്ണമായിരുന്നു ദന്തശുദ്ധീകരണത്തിനായ് ഉപയോഗിച്ചിരുന്നത്.. ഇന്ന് ആരോഗ്യമേഖല അതിന്റെ ഗുണങ്ങൾ കണ്ടെത്തിയിരിക്കുകയാണ്.പല്ലുകളെ ബലവും, വെളുപ്പും ഉള്ളതാക്കുന്നു.കീടങ്ങളെ അകറ്റിനിർത്തുന്നതിനും,വായ്നാറ്റമില്ലാതാക്കുന്നതിനും അത് സഹായകമാകുന്നു.. 2000ൽ ലോകാരോഗ്യസംഘടന മിസ്വാക് ചെയ്യുന്നത് വായയുടെ വൃത്തിക്കായ് നിർദേശിച്ചിരുന്നു…
*വെള്ളം മൂന്ന് തവണകളിലായ് പതുക്കെ ഇരുന്ന് കൊണ്ട് കുടിക്കുക പതിവായിരുന്നു.. ഒറ്റ ശ്വാസത്തിൽ വളരെയധികം വെള്ളം കുടിക്കുന്നത് തലവേദന, രക്തത്തിലെ ഇലക്ട്രോലൈറ്റിന്റെ ഏറ്റക്കുറവ്, ചിലപ്പോൾ തലകറക്കത്തിന് വരെ വഴിയൊരുക്കുന്നതാണ്.ശ്വാസം വിട്ട് കൊണ്ടുള്ള രീതി ശരീരത്തിന് വെള്ളം പെട്ടെന്ന് ആഗിരണം ചെയ്യാൻ സഹായിക്കും.കൂടാതെ രക്തയോട്ടം, ഹൃദയമിടിപ്പ് എന്നിവ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
*കൃത്യമായ വ്രതാനുഷ്ഠാനം.അറബിക് കലണ്ടറിലെ റമസാൻ മാസത്തിൽ മാത്രമല്ല എല്ലാ മാസങ്ങളിലെ 13,14,15,ദിവസങ്ങളിലും തിങ്കൾ, വ്യാഴം ദിവസങ്ങളിലും വ്രതമനുഷ്ഠിച്ചിരുന്നു.റമസാൻ മാസത്തെ വ്രതം പ്രതിവർഷം തോറുമുള്ള ആരോഗ്യ ചിട്ടയായി കണക്കാക്കപ്പെടുന്നു.. ഹോർമോൺ ലെവൽ കൃത്യമാക്കുന്നു,ഓക്സിഡേഷൻ സ്ട്രെസ് കുറക്കുന്നു.. ഭക്ഷണതോതിലുള്ള കുറവ്, ദഹിപ്പിക്കുന്നതിലുള്ള കുറവ് ആന്തരികാവയവത്തിനുള്ള എല്ലാ രോഗങ്ങളിൽ നിന്ന് മുക്തി നേടിത്തരുന്നു.
*മിതമായ നിരക്കിലുള്ള ഭക്ഷണരീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഭക്ഷണം, വെള്ളം,വായു ഇവ ആമാശയത്തിൽ മൂന്നിലൊരു ഭാഗമായാണ് കണക്കാക്കിയിരുന്നത്. ജീവനോടെയിരിക്കാൻ അൽപ്പം മതിയാകും എന്നായിരുന്നു ആ രീതി.ഭക്ഷണം പതുക്കെ ചവച്ചരച്ച് കഴിക്കുന്നത് ദഹനപ്രക്രിയ സുഖമമാക്കുന്നു.
*ഭക്ഷണം അത് എത്രയാണെങ്കിലും അത് കൂടെയുള്ളവർക്ക് പങ്കിട്ട് മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളൂ..കുടുംബം പങ്കിട്ട് കഴിക്കുന്നത് മാനസികാരോഗ്യം നിലനിർത്താനുള്ള നല്ലൊരു ഉപാധിയാണ് എന്ന് ആധുനിക ശാസ്ത്രം.അതിലൂടെ നമ്മുടെ വരും തലമുറയ്ക്ക് നല്ലൊരു മാതൃക കാട്ടാനും കഴിയുന്നതാണ്.
*കുതിരസവാരി, അമ്പെയ്ത്ത്, നീന്തൽ തുടങ്ങിയ കായികാധ്വാനത്തിലും മികവ് തെളിയിച്ചിരുന്നു.മുതിർന്നവരിൽ മാത്രമല്ല കുട്ടികളിൽ വരെ അത് പരിശീലിപ്പിക്കുമായിരുന്നു..
*കിടന്നുറങ്ങുന്നതിലും തന്റേതായ രീതിയുണ്ടായിരുന്നു .. വലത്തോട്ട് ചെരിഞ്ഞ് കിടന്നുറങ്ങലാണ് പതിവ്. മലർന്നും കമിഴ്ന്നും കിടക്കരുതെന്ന് ഉപദേശിക്കുമായിരുന്നു. ചെരിഞ്ഞ് കിടന്നുറങ്ങലാണ് കിടപ്പിൽ ആരോഗ്യകരം എന്ന് ശാസ്ത്രവും പറയുന്നു.
*സദാപുഞ്ചിരി തൂകി പ്രസന്നതയോടുകൂടി മാത്രമേ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ.. പുഞ്ചിരി എന്നത് ദാനമായ് കാണാനാണ് തന്റെ അനുയായികളെ പഠിപ്പിച്ചിരുന്നത്.
*ക്ഷമ എന്ന വാക്കിന്റെ ആൾരൂപമായിരുന്നു പ്രവാചകൻ.തന്റെ ശത്രുക്കളോടുപ്പോലും സൗമ്യമായി മാത്രമേ പെരുമാറിയിരുന്നുള്ളൂ..
*ഒരിക്കൽ പോലും ദേഷ്യപ്പെട്ടിട്ട് പോലും കണ്ടിരുന്നില്ല.ലോകത്തിൽ വെച്ച് ഏറ്റവും ശക്തനായ ആൾ ദേഷ്യം നിയന്ത്രിക്കാൻ കഴിവുള്ളവനാണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
എല്ലാ കാര്യങ്ങളിലും ഉത്തമമാതൃകയാണ് പുണ്യ പ്രവാചകൻ ലോകരിലായ് കാഴ്ച വെച്ചത്..അനാഥർക്കും അഗധികൾക്കും എന്നും തണലായിരുന്ന പ്രവാചകർ തന്നെയാണ്
“മാനവരാശിയുടെ റോൾമോഡൽ”