ഖത്തറിലേക്ക് വിദേശങ്ങളിൽ നിന്ന് ക്ലോസ്ഡ്-സർക്യൂട്ട് ടെലിവിഷൻ ക്യാമറകൾ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കി . ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി സിസ്റ്റം വകുപ്പിന്റെ (എസ്എസ്ഡി) മുൻകൂർ അനുമതി കൂടാതെ ഇറക്കുമതി സാധ്യമല്ല.ഇറക്കുമതി ചെയ്യുന്ന സിസിടിവി ക്യാമറകളുടെ പ്രത്യേകതകളുൾപ്പെടെ യുള്ള വിവരങ്ങളും നൽകണം. കമ്പനികളിലും സ്ഥാപനങ്ങ ളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നത് നിർബന്ധമാണ്. ആവശ്യകത അനുസരിച്ച് എസ്എസ്ഡിയാണ് ഇറക്കുമതിക്കുള്ള അനുമതി നൽകുന്നതെന്ന് മന്ത്രാലയം പ്രതിനിധി ക്യാപ്റ്റൻ ജാസിം സലേഹ് അൽ സുലൈത്തി വ്യക്തമാക്കി.
സുരക്ഷാ ക്യാമറകളുടെയും സംവിധാന ങ്ങളുടെയും പ്രാധാന്യം സംബന്ധിച്ച് മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പും എസ്എസ്ഡിയും ചേർന്ന് നടത്തിയ ബോധവൽക്കരണ വെബിനാറിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സിസിടിവി ക്യാമറകൾ സ്ഥാപിച്ച ശേഷം അനുയോജ്യമായ സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത് എന്നതിന് എസ്എസ്ഡിയുടെ സ്ഥിരീകരണ സർട്ടിഫിക്കറ്റും ആവശ്യമാണ്.സിസിടിവി ക്യാമറകൾ നിർബന്ധമാക്കി യിരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിസിടിവി ക്യാമറകളുടെ അറ്റകുറ്റപ്പണികൾ നടത്താതിരിക്കുക, അനുമതിയില്ലാതെ സിസിടിവി സ്ഥാപിക്കുക തുടങ്ങിയ ലംഘനങ്ങൾക്കെതിരെ കനത്ത നടപടികളും സ്വീകരിക്കും.വനിതകൾക്കു മാത്രമായുള്ള കിടപ്പുമുറി, ഫിസിയോതെറാപ്പിക്കുള്ള മുറികൾ, ടോയ്ലറ്റുകൾ, വസ്ത്രം മാറുന്ന മുറികൾ എന്നിവിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് ശിക്ഷാർഹമാണ്.