ലോക എക്സ്‌പോ 2020 ദുബായ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്താൻ സാധ്യത. എക്സ്‌പോയിലെ ഇന്ത്യൻ പവിലിയൻ ഉദ്ഘാടനംചെയ്യാനെത്തിയ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യമറിയിച്ചത്. എക്സ്‌പോ നടക്കുന്ന ആറുമാസത്തിനിടെ പ്രത്യേക ക്ഷണംസ്വീകരിച്ച് പ്രധാനമന്ത്രി എത്തിയേക്കാം.
ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. പവിലിയൻ ഉദ്ഘാടനത്തിനുപുറമെ ചില ഉന്നതതല യോഗങ്ങളിലും ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള വ്യാപാര-നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള യോഗങ്ങളിലും പിയൂഷ് ഗോയൽ പങ്കെടുത്തു.
വെള്ളിയാഴ്ചയായിരുന്നു ദുബായ് എക്സ്‌പോ 2020-യിലെ ഇന്ത്യൻ പവിലിയന്റെ ഉദ്ഘാടനം. വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക വീഡിയോസന്ദേശം പ്രദർശിപ്പിച്ചിരുന്നു.
ലോകത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വീഡിയോസന്ദേശം. ലോകത്തിലെ ഏറ്റവുംവലിയ മേള അതിശയകരമായ രീതിയിൽ സംഘടിപ്പിക്കുന്ന യു.എ.ഇ. ഭരണകൂടത്തെയും അദ്ദേഹം അനുമോദിച്ചു.