ദുബായ്: വയനാട്ടിലെ വിദ്യാഭ്യാസ-സാംസ്കാരിക-ജീവകാരുണ്യ മേഖലകളിലെ സമുന്നത വ്യക്തിത്വവും വയനാട് മുസ്ലിം ഓർഫനേജ് (ഡബ്ല്യൂ.എം.ഒ) ജനറൽ സെക്രട്ടറിയുമായിരുന്ന എം.എ മുഹമ്മദ് ജമാലിൻ്റെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി ഡബ്ല്യൂ.എം.ഒ ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സ്മരണീയം 2025’ പരിപാടി ഞായറാഴ്ച നടത്തുമെന്ന് പ്രസിഡൻ്റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി മജീദ് മടക്കിമല, ട്രഷറർ അഡ്വ.മുഹമ്മദലി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6 മണിക്ക് ദുബായ് വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ പാർലമെൻ്റേറിയനും മുസ്ലിം ലീഗ് നേതാവുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പ്രസിദ്ധ വാഗ്മിയും പാർലമെൻ്റേറിയനുമായ എം.പി അബ്ദുസ്സമദ് സമദാനി, ആധ്യാത്മിക പണ്ഡിതനും പ്രഭാഷകനുമായ സ്വാമി ആത്മദാസ് യമി, മുനീർ ഹുദവി വിളയിൽ, ഡബ്ല്യൂ.എം.ഒ ഐ.ജി ആർട്സ് & സയൻസ് ജനറൽ കൺവീനർ ഡോ. കെ.ടി അഷ്റഫ് തുടങ്ങിയവർ പങ്കെടുക്കും. സ്വാമി ആത്മദാസ് യമി വിശിഷ്ടാതിഥിയും സമദാനി മുഖ്യാതിഥിയുമാകുന്ന പരിപാടിയുടെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീർ നിർവഹിക്കും. മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ-സാംസ്കാരിക-വ്യവസായ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
എം.എ മുഹമ്മദ് ജമാലിന്റെ നാമധേയത്തിലുള്ള വിദ്യാഭ്യാസ പുരസ്കാരം ചടങ്ങിൽ പ്രഖ്യാപിക്കും. അദ്ദേഹത്തിൻ്റെ പേരിലുള്ള ഡബ്ല്യൂ.എം.ഒ ഐ.ജി ആർട്സ് & സയൻസ് കോളജ് വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ പ്രഖ്യാപനവും ചടങ്ങിലുണ്ടാകും. വാർത്താസമ്മേളനത്തിൽ ഷൈജൽ കൽപ്പറ്റ ,സയ്യിദ് PTK ,അസീസ് സുൽത്താൻ ,നബീൽ നർഗോലി ,നൗഷാദ് VP,ഹനീഫ ചെങ്ങോട്ടേരി ,രഹ്നാസ് യാസീൻ ,അസ്ബുദീൻ ,KPA സലാം ,സാദിഖ് ബാലുശ്ശേരി ,അൻവർ ഷാദ് ,ഹനീഫ് കല്ലാട്ടിൽ ,ബഷീർ ബ്ലൂ മാർട്ട് എന്നിവരും പങ്കെടുത്തു