അബുദാബി: മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയത്തിലേക്കു ജനപ്രവാഹം. ആഴക്കടൽ വിസ്മയങ്ങൾ അടുത്തു കാണാൻ ആദ്യ ദിവസം തന്നെ ദ് നാഷനൽ അക്വേറിയത്തിൽ വൻതിരക്കായിരുന്നു. റബ്ദാൻ ഏരിയയിലെ ഏറ്റവും പുതിയ ടൂറിസം കേന്ദ്രമായ അൽഖാനയിലെ 11 വിസ്മയങ്ങളിലൊന്നാണ് വെള്ളിയാഴ്ച തുറന്ന കൂറ്റൻ അക്വേറിയം. കടലിന്റെ അടിത്തട്ടിൽ അകപ്പെട്ടയാളുടെ മുകളിലൂടെ ചെറുതും വലുതുമായ മത്സ്യങ്ങളും മറ്റു കടൽ ജീവികളും തലങ്ങും വിലങ്ങും നീന്തിത്തുടിക്കുന്ന അനുഭവമാണ് അക്വേറിയം സമ്മാനിച്ചതെന്ന് സന്ദർശകർ പറഞ്ഞു. ലോകത്തിലെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പുകളി ലൊന്നായ സൂപ്പർ സ്നേക്കാണ് അക്വേറിയത്തിലെ പ്രധാന താരം. 115 കിലോ ഭാരമുള്ള പെൺപാമ്പിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കാനും ദൃശ്യം ചിത്രീകരിക്കാനും തിരക്കായിരുന്നു. 14 പേർ ചേർന്ന് എടുത്താണ് സൂപ്പർസ്നേകിന്റെ ആകാരഭംഗി സന്ദർശകരെ കാണിക്കുന്നത്. അബുദാബിയിലെ ദേശീയ അക്വേറിയം ആഗോള വിനോദസഞ്ചാരികൾക്ക് മുതൽകൂട്ടാകുമെന്ന് ജനറൽ മാനേജർ പോൾ ഹാമിൽട്ടൺ പറഞ്ഞു.
വെറുതെ കണ്ടുപോകുന്നതിനു പകരം കടൽജീവികളുടെ ജീവിത രീതിയും പുനരധിവാസവുമെല്ലാം വിശദമായി അറിയാം. 7000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സജ്ജമാക്കിയ അക്വേറിയത്തിൽ 300 ഇനത്തിൽപെട്ട 46,000 ജലജീവികളെ പരിചരിക്കാൻ 80 വിദഗ്ധരുമുണ്ട്. ചില ജീവികൾക്ക് തീറ്റകൊടുക്കാനും അവസരമുണ്ട്.
സാൻഡ് ടൈഗർ, ഹാമ്മർഹെഡ് ടൈഗർ ഷാർക്ക് തുടങ്ങി വംശനാശ ഭീഷണി നേരിടുന്നവയും ഇതുവരെ മറ്റെവിടെയും പ്രദർശിപ്പിച്ചിട്ടില്ലാത്തതുമായ അപൂർവം ഇനങ്ങളും ഇവിടെയുണ്ട്. സ്വഭാവവും ജീവിത രീതികളുടെയും അടിസ്ഥാനത്തിൽ 10 പ്രമേയങ്ങളിലായാണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. കടലാമകളുടെ പുനരധിവാസ കേന്ദ്രത്തിൽ 2000 കടലാമകളുണ്ട്. 10 സോണുകളിലായി 60 ലേറെ പ്രദർശനങ്ങൾ ഒരുക്കിയുള്ള അക്വേറിയം മുഴുവൻ നടന്നുകാണാൻ 2 മണിക്കൂറെങ്കിലും വേണം.
∙ 105 ദിർഹമാണ് ടിക്കറ്റ് നിരക്കുകൾ. 3 വയസ്സിനു താഴെയുള്ളവർക്ക് സൗജന്യം.
∙ ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 8 വരെ. ∙ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ.