ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ കെ സുരേന്ദ്രൻസന്നദ്ധത അറിയിച്ചു . ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ സുരേന്ദ്രൻ അറിയിച്ചു.പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിയിൽ ധാർമ്മിക ഉത്തവാദിത്വം പ്രസിഡന്റായ തനിക്കാണെന്ന് കെ സുരേന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു . സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാണ് ഞാൻ. അതിൽ തനിക്ക് ഒരു പരാതിയും ഇല്ല. ഒരു ടീമിനെ നയിക്കുമ്പോൾ വിജയങ്ങൾ ഉണ്ടായാലും പരാജയം ഉണ്ടായാലും സമചിത്തതയോടുകൂടി അതിനെ നേരിടുക എന്നത് മാത്രമാണ് വഴി.കുറെ ആളുകൾ സ്തുതിക്കുമ്പോൾ പൊങ്ങാനും നിന്ദിക്കുമ്പോൾ താഴാനും ഉള്ളതല്ല തങ്ങളുടെ നിലപാട് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്ന് ദേശീയ നേതൃത്വത്തോട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിജയം പ്രതീക്ഷിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വച്ച് താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കുറഞ്ഞത്. ഭരണമുള്ള പാലക്കാട് നഗരസഭയിലും ബിജെപിക്ക് വോട്ട് കുറഞ്ഞിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ആരംഭിച്ചിരുന്നു. അടിയന്തര കോർകമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിരുന്നു. പരാജയത്തിൽ കെ സുരേന്ദ്രനെ, വി മുരളീധരനും കൈവിട്ടിരുന്നു. കെ സുരേന്ദ്രനും – വി മുരളീധരനും തമ്മിൽ കുറച്ചുനാളായി ശീത സമരത്തിലാണ്. സുരേന്ദ്രനെതിരായ നീക്കങ്ങൾക്ക് വി മുരളീധരൻ നിശബ്ദ പിന്തുണ നൽകുന്നു. നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും വി മുരളീധരൻ അത്രകണ്ട് സജീവമായിരുന്നില്ല.