വിദ്യർത്ഥികൾ തുണിസഞ്ചിയിൽ പരിസ്ഥിതി സൗഹൃദ വർണചിത്രങ്ങൾ വരച്ച്
ഗിന്നസ് ലോക റെക്കോർഡ് യാഥാർഥ്യമാക്കി. മലയാളി ഉടമസ്ഥതയിലുള്ള ഷാർജയിലെ പെയ്സ് ഗ്രൂപ്പിന്‍റെ കീഴിലുള്ള വിവിധ സ്കൂളുകളിലെ 10,346 വിദ്യാർഥികളാണ് ഇന്ത്യാ ഇന്റർ നാഷനൽ അങ്കണത്തിൽ ഒരുമിച്ച് പുനരുപയോഗ തുണി സഞ്ചിയിൽ വൈവിധ്യമാർന്ന ചിത്രങ്ങളൊരുക്കി ഒരേസമയം തുണിസഞ്ചിയിൽ ഏറ്റവും കൂടുതൽ പേർ ചിത്രംവരച്ചു എന്ന പുതിയ ഗിന്നസ് റെക്കോർഡ് നേടിയത്.
പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ എട്ടാം ഗിന്നസ് റെക്കോർഡ് നേട്ടമാണ് ഇന്ന് രാവിലെ യാഥാർഥ്യമായത്. വിവിധ ക്ലാസുകളിലെ കുട്ടികൾ ഒന്നിച്ചിരുന്ന് പുനരുപയോഗ ബാഗുകളിൽ പ്രകൃതിരമണീയതയും പൂക്കളും പൂമ്പാറ്റകളും മൃഗങ്ങളും മരങ്ങളും സൂര്യനും ചന്ദ്രനും എന്തിന് ദിനോസോറിനെ വരെ വരച്ചു. ക്രിയാത്മകതയുടെയും സുസ്ഥിരതയുടെയും പാരിസ്ഥിതികാവബോധത്തിന്റെയും പ്രഖ്യാപനമായിരുന്നു ഈ ഗിന്നസ് ശ്രമമെന്ന് അധികൃതർ പറഞ്ഞു. ഷാർജയിലെ ഇന്ത്യാ ഇന്റർ നാഷനൽ സ്കൂൾ, ഗൾഫ് ഏഷ്യൻ ഇംഗ്ലിഷ് സ്കൂൾ, പെയ്സ് ഇന്റർനാഷനൽ സ്കൂൾ, അജ്മാനിലെ ഡി പി എസ് സ്കൂൾ എന്നീ പെയ്സ് ഗ്രൂപ്പ് കലാലയങ്ങളിലെ വിദ്യാർഥികളാണ് നേട്ടത്തിന് പിന്നിൽ.
ഇമാറാതിന്റെ സുസ്ഥിരതാ മുന്നേറ്റത്തിന് കരുത്ത് പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്രയധികം വിദ്യാർഥികളെ അണിനിരത്തി അധികൃതർ വർണവിസ്മയമൊരുക്കിയത്. യുഎഇയുടെ സ്നേഹസമ്പന്നരും ക്രാന്തദർശികളുമായ നേതാക്കളോടുള്ള നന്ദിയും കടപ്പാടും പ്രകടമാക്കിക്കൊണ്ട് യുഎഇയുടെ 53–ാം ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യക്കാരായ വിദ്യാർഥികൾ പങ്കെടുത്തു.
വിദ്യാർഥികൾ അണിനിരന്നുള്ള മനുഷ്യബോട്ട് (4882 വിദ്യാർഥികൾ–2017), ദെല്ല (5403– 2018), ട്രാൻസ്ഫോമിങ് ഇമേജ് (5445–2018), സ്പേസ് റോക്കറ്റ് (11443–2019), ഓൺലൈനിൽ യുഎഇ പതാക വീശൽ (2020), കൈപ്പത്തികൊണ്ട് യുഎഇ പതാകയുടെ ചുമർ ചിത്രം (2021), നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ മനുഷ്യ ഭൂഗോളം(6097–2023) എന്നീ ഏഴ് ഗിന്നസ് റെക്കോർഡുകൾ പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പ് നേരത്തെ യാഥാർഥ്യമാക്കി. ഗ്രൂപ്പ് അസിസ്റ്റന്റ് ഡയറക്ടർ സഫാ അസദ്, ഇന്ത്യാ ഇന്റർ നാഷനൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫാനാ മുഈസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ ഗിന്നസ് നേട്ടങ്ങളെല്ലാം.
നമ്മുടെ മണ്ണും വിണ്ണും വായുവും ജലാശയങ്ങളും പൊതുനിരത്തുകളും പ്ലാസ്റ്റിക് മുക്തവും പരിസ്ഥിതി സൗഹൃദവുമായ ഒരു നല്ല ഭാവി പ്രത്യാശിച്ച് കൊണ്ടാണ് തുണി സഞ്ചി ജനകീയവൽക്കരിച്ച് പ്ലാസ്റ്റിക്കിന്റെ മായാവലയത്തിൽ നിന്ന് ഭാവിതലമുറയെ മോചിപ്പിക്കണമെന്ന ചിന്തയുമാണ് ഇത്തരമൊരു ആശയത്തിലെത്തിച്ചേർന്നതെന്ന് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം പറഞ്ഞു. ലോകം നേരിടുന്ന ഏറ്റവും മാരകമായ പ്രശ്നമാണ് ക്യാരിബാഗ് സംസ്കാരം. ഭാരക്കുറവും വിലക്കുറവും ക്യാരി ബാഗുകളുടെ അമിതോപയോഗത്തിന് കാരണമാണ്. ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന ബാഗുകൾ പരിസര മലിനീകരണത്തിന് നിമിത്തമാകുന്നു. ഇതുമൂലം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുകയും സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിന് സാധ്യതയേറുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും പ്രവാസ ലോകത്തുമായി നിരവധി ബിസിനസ് സംരംഭങ്ങൾക്ക് തുടക്കം കുറിച്ച കാസർകോട് സ്വദേശിയായ വ്യവസായിയും വിദ്യാഭ്യാസ വിചക്ഷണനുമായ അന്തരിച്ച ഡോ. പി. എ. ഇബ്രാഹിം ഹാജിയാണ് പെയ്സ് എജുക്കേഷൻ ഗ്രൂപ്പിന് തുടക്കമിട്ടത്. ഷാർജയിൽ ഗൾഫ് ഏഷ്യൻ ഇംഗ്ലിഷ് സ്കൂള്‍, ഇന്ത്യാ ഇന്റർ നാഷനൽ സ്കൂൾ, പെയ്സ് ഇന്റർനാഷനൽ സ്കൂൾ, അബുദാബി ക്രിയേറ്റീവ് ബ്രിട്ടിഷ് സ്കൂൾ, അജ്മാൻ ഡൽഹി പ്രൈവറ്റ് സ്കൂൾ, പെയ്സ് കിയേറ്റീവ് ബ്രിട്ടിഷ് സ്കൂൾ, ദുബായ് പെയ്സ് മോഡേൺ ബ്രിട്ടിഷ് സ്കൂൾ, സ്പ്രിങ് ഫീൽഡ് ഇന്റർ നാഷനൽ സ്കൂൾ തുടങ്ങി ഇരുപതിലേറെ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ, ഇന്ത്യയിലും കുവൈത്തിലും സ്കൂളുകളും പ്രഫഷനൽ കോളജുകളുമുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങവുമുണ്ട്.ഗിന്നസ് പ്രഖ്യാപന ചടങ്ങിൽ ഗിന്നസ് അഡ്ജുഡിക്കേറ്റർ ഹെമ ബ്രെയിൻ റെക്കോർഡ് പ്രഖ്യാപനം നടത്തി. പെയ്സ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, ഡയറക്ടർമായ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹീം, അമീൻ ഇബ്രാഹിം. സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, അസി.ഡയറക്ടർ സഫാ അസദ്, സ്ക്കൂൾ പ്രിൻസിപ്പൽമാരായ ഡോ: മജ്ഞു റെജി, ഡോ: നസ്രീൻ ബാനു, മുഹ്സിൻ കട്ടയാട്ട്, വിഷാൽ കഠാരിയ,ജോൺ ബാഗ്വസ്റ്റ് തുടങ്ങിയവർ നേതൃത്വം നൽകി. ഐ ടി വിഭാഗം തലവൻ റഫീഖ്‌റഹ്മാന്റെ നേതൃത്വത്തിൽ മുഷ്താഖ് ഫഹദ്, ദീപക് ഹാഷിം, ആസിഫ്, ഫഹദ് സാലിഹ് തുടങ്ങിയവരും ലൈബ്രേറിയൻ ഹനീഫയുമാണ് സാങ്കേതിക സഹായങ്ങൾ നൽകിയത്.