സമൂഹത്തോടും സാമൂഹിക മുന്നേറ്റത്തോടുമുള്ള ‘ഓർമ- ദുബായ്’ യുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് OLF ന്റെ കരുത്തുറ്റ സംഘാടനവും ഗംഭീര വിജയവും തെളിയിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ. ഓർമ സാഹിത്യോത്സവം (ഒഎൽഎഫ്) 2025 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 15, 16 തീയതികളിൽ ദുബായ് ഫോക്‌ലോർ അക്കാദമി ഹാളിൽ നടന്ന പരിപാടിയിൽ കഥ, കവിത, നോവൽ, ലോകസാഹിത്യം, സംസ്കാരം, ശാസ്ത്രം, ലിംഗ സമത്വം, സ്ത്രീ, സംരംഭകത്വം, നാടകം, ചലച്ചിത്രം, ഫോട്ടോഗ്രഫി, മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ തുടങ്ങി സമസ്തമേഖലകളെയും സംബന്ധിച്ച 20 ലേറെ വ്യത്യസ്ത വിഷയങ്ങളാണ് മൂന്നു വേദികളിലായി ചർച്ചയായത്. യു എ ഇ യിലെ വിവിധ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ പ്രതിനിധീകരിച്ച് 90 ഓളം സംവാദകരും 1000 ത്തോളം സദസ്യരും വിവിധ വേദികളിൽ എത്തിച്ചേർന്നതോടെ പ്രവാസത്തിന്റെ ബഹുതല സാംസ്‌കാരിക സംവാദവേദിയായി ഓർമ സാഹിത്യോത്സവം (ഒഎൽഎഫ്) 2025 മാറുകയായിരുന്നു. ഫെബ്രുവരി 15 രാവിലെ 10 മണിയ്ക്ക് ‘പ്രവാസ എഴുത്തു’മായി ബന്ധപ്പെട്ട് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ മുഖ്യാതിഥിയായ ചർച്ചയോടെ ആരംഭിച്ച സാഹിത്യോത്സവം, വൈകിട്ട് 8 മണിയ്ക്ക് നടന്ന സാംസ്‌കാരിക സമ്മേളനവേദിയിൽ പ്രമുഖ വാഗ്മിയും അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവർത്തകൻ നികേഷ് കുമാർ, യുവ എഴുത്തുകാരി ജിൻഷ ഗംഗ എന്നിവരും പ്രധാന അതിഥികളായി വിവിധ വേദികളിൽ പങ്കെടുത്തു. പ്രവാസ ഭൂമികയിലെ സാംസ്കാരിക പരിപാടികളിൽ വച്ച് അഭൂതപൂർവമായ പങ്കാളിത്തവും സംഘാടന മികവും കൊണ്ട് OLF പ്രത്യേകം ശ്രദ്ധേയമാണ് എന്ന് എം വി നികേഷ്കുമാർ അഭിനന്ദിച്ചു. സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയിരുന്ന സാംസ്‌കാരിക വേദിയിൽ നടന്ന കവിതാലാപനം, ചിത്രരചന എന്നീ പരിപാടികളിൽ ഭാഗമാകാൻ 200 ഓളം കുട്ടികളും എത്തിച്ചേർന്നിരുന്നു. ഫെബ്രുവരി 16 ന് വൈകിട്ട് നടന്ന സമാപന സമ്മേളനവേദിയിൽ ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരങ്ങൾ ജേതാക്കൾക്ക് പ്രേംകുമാർ സമ്മാനിച്ചു. പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, നോർക്ക ഡയറക്ടർ ഓ വി മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ജിജിത അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു . ജോയിന്റ് ട്രഷറർ ധനേഷ് നന്ദി രേഖപ്പെടുത്തി . കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച സാഹിത്യോത്സവത്തിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരുന്നു. രജിസ്റ്റർ ചെയ്ത് മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നുണ്ട്.