അബുദാബി: ബദാസായിദിലെ അൽ ദഫ്റ മാളിൽ കുടുംബമായി ഉല്ലസിക്കാനുള്ള സംവിധാനങ്ങളുമായി ഇൻഡോർ വിനോദ കേന്ദ്രം ഓറഞ്ച് ഹബ് തുറന്നു. 9700 ചതുരശ്രയടി വലിപ്പമുള്ള കേന്ദ്രം മാളിന്റെ ഗ്രൗണ്ട് ലെവലിലാണ് സ്ഥിതിചെയ്യുന്നത്. അൽ വഹ്ദ മാൾ, മാൾ ഓഫ് ഉമ്മുൽഖുവൈൻ എന്നിവയ്ക്ക് ശേഷം യു.എ.ഇയിൽ തുറക്കുന്ന ഓറഞ്ച് ഹബിന്റെ മൂന്നാമത് കേന്ദ്രമാണിത്. മേജർ മുഹമ്മദ് അൽമേരി (ഗതാഗത വകുപ്പ്), സൈഫ് അൽ മസ്റോയി (അൽദഫ്റ മുനിസിപ്പാലിറ്റി), ഹമദ് ഒബൈദ് ഹമദ് അൽ മുതാവാ അൽ ദാഹിരി (സ്പോൺസർ), ഐഡിയക്രേറ്റ് എഡ്യുടൈൻമെന്റ് കമ്പനി സി.ഇ.ഒ ഷിഫ യൂസഫലി, ഓറഞ്ച് ഹബ് സംഘം എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
കുടുംബമായി ആഘോഷിക്കാവുന്ന വിനോദപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഐഡിയക്രേറ്റ് എഡ്യുടൈൻമെന്റ് കമ്പനിയുടെ ഭാഗമായ ഓറഞ്ച് ഹബ് പ്രവർത്തിക്കുന്നത്. പലതരം ഗെയിമുകൾക്കും റൈഡുകൾക്കും പുറമെ ഭക്ഷണശാലകളും ഇവിടുത്തെ പ്രത്യേകതയാണ്. 49 വ്യത്യസ്ത വിനോദോപാധികളാണ് ഇവിടെയുള്ളത്. ബമ്പർ കാർ, മിനി ജെറ്റ്, വി.ആർ സിമുലേറ്റർ, ഷൂട്ടിങ്, ഫൂസ്ബോൾ, പിൻബോൾ, ബില്യാർഡ്സ്, ഹോക്കി തുടങ്ങിയ കളികൾക്കെല്ലാം ഓറഞ്ച് ഹബ് വേദിയാണ്.
കുരുന്നുകളും യുവാക്കളുമടക്കം എല്ലാ പ്രായത്തിലുമുള്ള അതിഥികൾക്ക് ആവേശകരമായ അനുഭവം പകരാനുള്ള എല്ലാ സംവിധാങ്ങളും ഓറഞ്ച് ഹബിൽ ഒരുക്കിയിട്ടുള്ളതായി ബ്രാൻഡ് മാനേജർ ലൂയി ലോഗ്രമോണ്ടെ പറഞ്ഞു. കുട്ടികൾക്കൊപ്പം തന്നെ രക്ഷിതാക്കൾക്കും ആകർഷകമായ നിരവധി പരിപാടികൾ ഇവിടെ ആസ്വദിക്കാനാകും. കോവിഡിനെത്തുടർന്ന് സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കേണ്ടിവന്ന സാഹചര്യത്തിൽ നിന്നും ആളുകൾക്ക് പുറത്തുകടന്ന് സന്തോഷിക്കാനുള്ള വകകളാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെയാണ് സ്വദേശികളടക്കമുള്ള സമൂഹം അധിവസിക്കുന്ന ബദാസായിദ് ഓറഞ്ച് ഹബിനായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിക്കുശേഷം അബുദാബിയിൽ ആദ്യമായി പ്രവർത്തനം കുറിക്കുന്ന ഓറഞ്ച് ഹബിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ഐഡിയക്രേറ്റ് എഡ്യുടൈൻമെന്റ് കമ്പനി സി.ഇ.ഒ ഷിഫ യൂസഫലി പറഞ്ഞു. സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷത്തിൽ വീണ്ടും ഒത്തുചേരലുകൾക്ക് സാഹചര്യമൊരുക്കുക എന്നതാണ് ഹബിന്റെ മുഖ്യലക്ഷ്യം. സാമൂഹികാകലം ഉറപ്പാക്കികൊണ്ടുതന്നെ വിനോദങ്ങൾക്ക് വഴിയൊരുക്കുകയാണിവിടെ. കുട്ടികൾക്കായി നിരവധി ആകർഷകമായ പരിപാടികൾ ഒരുക്കുന്നതോടൊപ്പം തന്നെ രക്ഷിതാക്കൾക്കും വിനോദങ്ങൾക്കുള്ള സാഹചര്യം ഇവിടെ ഒരുക്കുന്നു. വിനോദരംഗത്തെ പ്രവർത്തനങ്ങൾക്കുകൂടി പതിയെ കരുത്തേകുകയാണിതിലൂടെ.
എല്ലാ കോവിഡ് വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ നടക്കുക. എല്ലാ റൈഡുകൾ തമ്മിലും രണ്ടുമീറ്റർ അകലം ഉറപ്പാക്കുന്നു. മൂന്നുവയസിന് താഴെ പ്രായമുള്ള കുട്ടികൾക്കൊഴികെയുള്ളവർക്കെല്ലാം മുഖാവരണം നിർബന്ധമാക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ അണുനശീകരണവും നടത്തുന്നു. എല്ലാ ജീവനക്കാരും വാക്സിനെടുക്കുകയും പി.സി.ആർ പരിശോധനകൾക്ക് വിധേയമാവുകയും ചെയ്തുകൊണ്ട് ഇവിടെ സുരക്ഷയുറപ്പാക്കുന്നു.
For more information, visit:Orange Hub – Go Beyond Play