ഒമാൻ: ഒമാനിലെ ഖസബ് കുടിവെള്ള പ്ലാന്റിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വിശദീകരണവുമായി ഒമാനി വാട്ടര്‍ ആന്റ് വേസ്റ്റ് വാട്ടര്‍ കമ്പനി. കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്ന ഡീസലൈനേഷന്‍ പ്ലാന്റ് ഒമാനിലെ ഗുണനിലവാര മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതാണെന്ന് അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഖസബ് വിലായത്തിലെ ഡീസലൈനേഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ആദ്യത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രതിദിനം 10,000 ക്യുബിക് മീറ്റര്‍ കുടിവെള്ള ഉത്പാദനമാണ് ഇവിടെ നടക്കുന്നത്. ഖസബ് വിലായത്തിലെ കുടിവെള്ള സുരക്ഷ ഉറപ്പാക്കാനാണ് പ്ലാന്റ് തുടങ്ങിയത്. പ്ലാന്റില്‍ നിന്നുള്ള വെള്ളം ഓരോ ദിവസവും പരിശോധിക്കുകയും ഒമാനിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഖസബ് വിലായത്തിലെ ജനങ്ങള്‍ നാല് പതിറ്റാണ്ടുകളിലധികമായി ഭൂഗര്‍ഭ ജലത്തെയാണ് ആശ്രയിച്ചുവരുന്നത്. ഇപ്പോള്‍ പ്രദേശത്തെ കുടിവെള്ള സുരക്ഷ ഉറപ്പുവരുത്താനാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചാണ് വീഡിയോ ക്ലിപ്പില്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ സ്റ്റേഷനില്‍ നിന്നും ടാങ്കില്‍ നിന്നുമൊക്കെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ഇത് കുടിവെള്ളത്തിനായുള്ള ഒമാന്റെ അംഗീകൃത മാനദണ്ഡങ്ങള്‍ പ്രകാരമുള്ളതാണെന്ന് കണ്ടെത്തുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.