യുഎഇ: യുഎഇയിലേക്ക് ചികിത്സാർഥം വരുന്നവർക്കായി നാല് തരം വീസകൾ ലഭ്യമാക്കുന്നുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ് അധികൃതർ അറിയിച്ചു. ഗുരുതര രോഗം ബാധിച്ച് ഇവിടെ ചികിത്സയിൽകഴിയുന്നവരെ ശുശ്രൂഷിക്കാനും മറ്റും ബന്ധുക്കൾക്കും വരാൻ മെഡിക്കൽ വീസ ലഭിക്കും.ഇപ്പോൾ പലരും സന്ദർശക വീസയിൽ എത്തുന്ന സാഹചര്യത്തിലാണ് നടപടി ക്രമങ്ങൾ അധികൃതർ വ്യക്തമാക്കിയത്. ഒരു തവണ മാത്രം യാത്ര ചെയ്യാൻ സാധിക്കുന്നചികിത്സാവീസ, ഒറ്റത്തവണകുടുംബാഗങ്ങൾക്കെല്ലാം ചികിത്സയ്ക്ക് വരാൻ കഴിയുന്ന ഗ്രൂപ്പ് ട്രീറ്റ്മെന്റ് വീസ, പല തവണ യാത്രയ്ക്ക് കഴിയുന്ന ചികിത്സാ വീസ, രോഗിയുടെ കൂടെ കുടുംബങ്ങൾക്കും ഒന്നിലധികം തവണ പോയിവരാൻ സാധിക്കുന്ന മൾട്ടിപ്പിൾ വീസ എന്നിങ്ങനെയാണ് ചികിത്സ ലക്ഷ്യമിട്ട് നൽകുന്ന വീസകൾ.വീസകൾക്ക് മെഡിക്കൽ സ്ഥാപനങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടത്. രോഗിയുടെ വീസയ്ക്ക് സർക്കാർ ആശുപത്രികളോ, സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളോ ആയിരിക്കണം സ്പോൺസർ. രോഗിയുടെ അഭ്യർഥന മാനിച്ച് ഇത്തരം സ്ഥാപനങ്ങൾ വഴിയായിരിക്കണം എൻട്രി പെർമിറ്റിനു അപേക്ഷിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഒറ്റത്തവണ പ്രവേശനം സാധിക്കുന്ന വീസയിൽ 60 ദിവസമാണ് കാലാവധിയെങ്കിലും പുതുക്കുകയാണെങ്കിൽ 90 ദിവസം വരെ രോഗിക്ക് യുഎഇയിൽ ചികിത്സയിൽ കഴിയാം.രോഗിയുടെ രാജ്യത്തേക്കുള്ള പ്രവേശന ദിവസം മുതലാണ് 90 ദിവസം കണക്കാക്കുക .മൾട്ടിപ്പിൾ ട്രീറ്റ്മെന്റ് വീസയുടെ കാലാവധിയും 90 ദിവസമാണ്. എങ്കിലും ഈ കാലയളവിൽ പരിധികളില്ലാതെ യാത്ര ചെയ്യാനാകും.
രോഗിയുടെ പാസ്പോർട്ട് പകർപ്പ്, സന്ദർശന കാരണം വ്യക്തമാക്കുന്ന അംഗീകൃത മെഡിക്കൽ സ്ഥാപനത്തിൽ നിന്നുള്ള സമ്മതപത്രം, രോഗിയുടെ ഹെൽത്ത് ഇൻഷൂറൻസ് രേഖ, സുരക്ഷാ തുക എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. വീസയ്ക്ക് അപേക്ഷിക്കുന്ന മെഡിക്കൽ സ്ഥാപനം യു എ ഇ അംഗീകൃതമാകണം.