ഫിലിപ്പീന്‍സ് ആര്‍മി ഹെല്‍ത്ത് സര്‍വീസസിലെ കണ്‍സള്‍ട്ടന്റും, ഫിലിപ്പീന്‍സിലെ സായുധ സേനയുടെ റിസര്‍വ് ഫോഴ്സ് കേണലുമായ നഴ്സ് മരിയ വിക്ടോറിയ ജുവാനെ 2024ലെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് ജേതാവായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ബെംഗളൂരുവില്‍ നടന്ന പ്രൗഢ ഗംഭീരമായ അവാര്‍ഡ് ദാന ചടങ്ങില്‍ 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് ജേതാവിന് സമ്മാനിച്ചു. അവാര്‍ഡ് ജേതാവിനെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പ്രഖ്യാപിച്ചു. വിവിധ മന്ത്രാലയങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിനൊപ്പം, ബോളിവുഡ് നടി സൊനാലി ബിന്ദ്രെ, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗവേണന്‍സ് ആന്റ് കോര്‍പ്പറേറ്റ് അഫയേഴ്‌സ്, എക്സിക്യൂട്ടിവ് ഡയറക്ടറും, ഗ്രൂപ്പ് ഹെഡുമായ ടി.ജെ വില്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് നഴ്സുമാര്‍ നല്‍കുന്ന അതുല്ല്യമായ സേവനങ്ങളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2021-ലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ്് അവാര്‍ഡ് ആരംഭിച്ചത്. അവാര്‍ഡിന്റെ 2024ലെ പതിപ്പില്‍ 202 രാജ്യങ്ങളില്‍ നിന്നുള്ള 78,000 നഴ്സുമാര്‍ പങ്കെടുത്തിരുന്നു. 2023-ല്‍ ലഭിച്ച അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ 50% വളര്‍ച്ചയാണ് അപേക്ഷകളുടെ എണ്ണത്തില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയത്.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ പ്രത്യേക വീഡിയോ സന്ദേശവും ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. ഫൈനലിസ്റ്റുകളെ അഭിനന്ദിക്കുകയും, ആരോഗ്യപരിപാലനത്തില്‍ നഴ്സുമാരുടെ നിര്‍ണായക പങ്ക് എടുത്തുകാട്ടാനുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ പ്രശംസിക്കപ്പെടുകയും ചെയ്തു.