യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് കവറേജ് നടപ്പിലാക്കിയിരിക്കുകയാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് 75000 ദിര്‍ഹംവരെയാണ് പരിരക്ഷ ഉറപ്പാക്കുന്നത്. യുഎഇ തൊഴില്‍ വീസയുള്ള തൊഴിലാളികള്‍ക്ക് ലോകത്ത് എവിടെയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. സ്വാഭാവിക മരണത്തിനും അപകട മരണത്തിനും പരിരക്ഷ ഉറപ്പാക്കും. ഭാഗികമായോ പൂര്‍ണമായോ വൈകല്യം സംഭവിക്കുന്നവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. തൊഴിലാളി മരിച്ചാല്‍ നാട്ടില്‍ മൃതദേഹം എത്തിക്കുന്നതിന് 12000 ദിര്‍ഹം വരെ നല്‍കും.
3 തരം പ്രീമിയമാണ് തൊഴിലാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലഭിക്കുക. വര്‍ഷം 37 ദിര്‍ഹം പ്രീമിയത്തില്‍ 35000 ദിര്‍ഹത്തിന്റെ പരിരക്ഷ ലഭിക്കും. 50 ദിര്‍ഹമടച്ചാല്‍ 50000 ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് തുകലഭിക്കും, 75000 ദിര്‍ഹംവരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി 72 ദിര്‍ഹമാണ് അടയ്‌ക്കേണ്ടത്. സ്വാഭാവിക മരണത്തിനും ഈ തുക നഷ്ടപരിഹാരമായി കുടുംബത്തിനു ലഭിക്കും. ഇത്രയും തുകയ്ക്കുള്ള ചികില്‍സാ സൗകര്യവും ലഭിക്കും. മാര്‍ച്ച് ഒന്നുമുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നു.
തൊഴിലാളി റിക്രൂട്ടിങ് സ്ഥാപനങ്ങളും ഗര്‍ഗാഷ്, ഓറിയന്റ് ഇന്‍ഷുറന്‍സ് കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. കുറഞ്ഞ തുകയ്ക്ക് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുക എന്ന സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ്‌കുമാര്‍ ശിവന്‍ വ്യക്തമാക്കി. സ്വാഭാവിക മരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍, തൊഴിലാളികളുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍.
പ്രവാസി ഇന്ത്യക്കാരില്‍ 65% ബ്ലൂ കോളര്‍ തൊഴിലാളികളാണെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കണക്ക്. 2022ല്‍ കോണ്‍സുലേറ്റില്‍ റജിസ്റ്റര്‍ ചെയ്ത 1750 മരണങ്ങളില്‍ 1100 എണ്ണവും തൊഴിലാളികളായിരുന്നു. കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്ത 1513 മരണങ്ങളില്‍ 1000 എണ്ണം തൊഴിലാളികളുടേതായിരുന്നു. ഇതില്‍ ഭൂരിഭാഗവും സ്വാഭാവിക മരണങ്ങളും. സ്വാഭാവിക മരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക ലഭിച്ചിരുന്നില്ല.