ദുബായ്: അൽ ഐൻ നഗരത്തിലേക്കും ദുബായിലേക്കും പോകുന്ന വാഹനങ്ങളുടെ യാത്രാ സമയം കുറയ്ക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (RTA) ദുബായ്-അൽ ഐൻ റോഡിൽ എക്സിറ്റ് 58ൽ അൽ ഐനിലേക്ക് അധിക എക്സിറ്റ് തുറന്നു.അൽ ഫഖ പ്രദേശത്തിനടുത്തുള്ള ദുബായ്-അൽ ഐൻ റോഡിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ പുതിയ എക്സിറ്റ് എന്ന് ആർടിഎയിലെ റോഡ്‌സ് ഡയറക്റ്റർ ഹമദ് അൽ ഷിഹ്ഹി പറഞ്ഞു. എക്സിറ്റ് 58ലേക്കുള്ള സുഗമമായ പ്രവേശനം സാധ്യമാക്കാൻ ദുബായ് -അൽ ഐൻ റോഡിൽ അൽ ഐനിലേക്ക് 430 മീറ്റർ ഡീസെലറേഷൻ ലെയ്ൻ നിർമിക്കുന്നതും, ഗതാഗത പരിഹാരങ്ങളിൽ ഉൾപ്പെടുന്നതാണ്.നിലവിലെ തുരങ്കത്തിൽ നിന്നുള്ള എൻട്രിയും എക്സിറ്റും മെച്ചപ്പെടുത്താനും റോഡിലെ യു-ടേൺ ചലനങ്ങൾ മെച്ചപ്പെടുത്താനുമായി പുതിയ റൗണ്ട്എബൗട്ടും നിർമിച്ചു.
കൂടാതെ, അൽ ഐനിലേക്ക് പുറപ്പെടുന്ന വാഹനങ്ങൾക്കായി 600 മീറ്റർ ആക്സിലറേഷൻ ലെയ്ൻ നിർമിച്ചിട്ടുണ്ട്. ഈ മെച്ചപ്പെടുത്തലുകൾ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകട സാധ്യതകൾ കുറയ്ക്കുന്നതിനും കാരണമാകുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.