എം ആര് അജിത് കുമാറിനും സുരേഷ് രാജ് പുരോഹിതിനും സ്ഥാനക്കയറ്റം നല്കാന് അനുമതി. ഡിജിപി റാങ്കിലേക്കാണ് സ്ഥാനക്കയറ്റം നല്‍കുക. സ്ക്രീനിങ് കമ്മിറ്റിയുടെ ശിപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ചേര്‍ന്ന് സ്ക്രീനിങ് കമ്മിറ്റി യോഗമാണ് സ്ഥാനക്കയറ്റത്തിന് ശിപാര്‍ശ ചെയ്തത്. സാധാരണ ഗതിയില്‍ സ്ക്രീനിങ് കമ്മിറ്റിയുടെ ശിപാര്‍ശ അതേപടി മന്ത്രിസഭായോഗം അംഗീകരിക്കുകയാണ് പതിവ്. അതനുസരിച്ചാണ് ഇത്തവണയും സ്ഥാനക്കയറ്റത്തിന് അംഗീകാരം നല്‍കിയത്. ഡിജിപി സ്ഥാനത്തേക്ക് വരുന്ന ഒഴിവില്‍ എം ആര് അജിത് കുമാറിനും സുരേഷ് രാജ് പുരോഹിതിനും സാധ്യതയേറുകയാണ്. സുരേഷ് രാജ് പുരോഹിതാണ് സീനിയോരിറ്റി ലിസ്റ്റില്‍ മുന്‍പന്തിയിലുള്ളത്.
എം ആര് അജിത്കുമാറിനെ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തിടുക്കം ഒന്നുമുണ്ടായില്ലെന്നും മാനദണ്ഡപ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും മന്ത്രി പി രാജീവ്. പ്രത്യേക വിവേചനമോ പ്രത്യേക മമതയോ ആരോടും കാണിക്കില്ല, സർക്കാർ നിയമാനുസൃതമായിട്ടായിരിക്കും ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളില്‍ നിലവില്‍ അജിത്കുമാര്‍ അന്വേഷണം നേരിടുന്നതിനിടെയാണ് എഡിജിപി എം ആര് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്കാന് സര്‍ക്കാര്‍ തീരുമാനം.