റമദാനില്‍ അമ്മമാരെ ആദരിച്ച് പുതിയ ക്യാംപെയ്‌നുമായി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ക്യാംപെയ്ന്‍ പ്രഖ്യാപിച്ചത്. മദേഴ്സ് എന്‍ഡോവ്മെന്റ് ക്യാംപെയ്ന്‍ എന്ന പേരില്‍ ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ ധനസമാഹരണമാണ് നടക്കുക. ആഗോളതലത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ഫണ്ട് വിനിയോഗിക്കുക.
അമ്മമാരാണ് കുട്ടികളുടെ ആദ്യ അധ്യാപകരെന്ന വസ്തുതയിലാണ് അമ്മമാരുടെ പേരില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. വ്യക്തികളോട് അവരുടെ അമ്മയുടെ പേരില്‍ സംഭാവനകള്‍ നല്‍കാനാണ് ആവശ്യപ്പെടുക. തൊഴിലധിഷ്ടിത സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍സാധ്യതകള്‍ ഉറപ്പാക്കുന്നതിനും പദ്ധതി ഉപകരിക്കും.
അമ്മമാര്‍ സ്വര്‍ഗത്തിന്റെ പര്യായമാണെന്നും അവരുടെ പേരിലുള്ള ക്യാംപെയ്‌ന്റെ ഭാഗമാകാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ലോകത്താകമാനം മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് നാം സംഭാവന ചെയ്യണമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. റമദാനില്‍ നടപ്പിലാക്കിവരുന്ന വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിക്ക് ഉള്‍പ്പെടെ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ആഫ്രിക്കയിലും ഏഷ്യയിലുമുള്‍പ്പെടെ അന്‍പതോളം രാജ്യങ്ങളിലെ നിരവധിയാളുകളിലേക്കാണ് സഹായമെത്തിക്കാനായത്.