ദുബായ്: യു എ ഇ യിലെ സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി.സ്കൂൾ മാനേജ്മെന്റുകൾക്കും രക്ഷിതാക്കൾക്കും അയച്ച സർക്കുലറിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.ബസുകളിൽ കളികൾ നിരോധിക്കണമെന്നും നിർദേശമുണ്ട്. ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന പൊതു, സ്വകാര്യ സ്കൂളുകൾക്കാണ് അധികൃതർ സർക്കുലർ അയച്ചത്.
വിദ്യാർത്ഥികളുടെ സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്ന് സർക്കുലറിൽ പറയുന്നു.
അപകടസാധ്യതകൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം നിലനിർത്തുന്നതിനും സുരക്ഷാ നടപടികൾ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
എല്ലാ വിദ്യാർത്ഥികളും സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിലുടനീളം സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഉറപ്പാക്കേണ്ടത് സ്കൂളിലെ ഗതാഗത ചുമതല വഹിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. പെട്ടെന്ന് ബസ് നിർത്തുകയോ വളവുകൾ തിരിയുകയോ ചെയ്യുമ്പോൾ ഉണ്ടാകാവുന്ന പരിക്കുകൾ ഒഴിവാക്കാൻ സീറ്റ് ബെൽറ്റ് ഉപയോഗം സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.കൂടാതെ, ബസിനകത്ത് വിദ്യാർത്ഥികൾ ചുറ്റിനടക്കുന്നത് അപകടമുണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിതമായ ബസ് യാത്ര ഉറപ്പാക്കുന്ന കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധ പുലർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.