ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും അബുദാബിയിൽ ബിസിനസ് നടത്താവുന്ന ഫ്രീലാൻസ് പ്രഫഷനൽ ലൈസൻസിൽ പുതിയ 11 ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയ തായി സാമ്പത്തിക വികസന മന്ത്രാലയം അറിയിച്ചു. ഏകാംഗ ഉടമസ്ഥതയിലുള്ള കമ്പനികൾക്കാണ് ഈ അനുമതി ലഭിക്കുക. അക്കൗണ്ടിങ്, ഓഡിറ്റിങ്, അനലൈസിങ്, റിവ്യൂവിങ് അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് സിസ്റ്റംസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഇസ് ലാമിക് ധനകാര്യ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ശരിഅത്ത് റിവ്യൂ കൺസൽറ്റൻസി, നികുതിയുമായി ബന്ധപ്പെട്ട കൺസൽറ്റൻസി, ഇലക്ട്രോണിക്സ് നെറ്റ് വർക്സ്, ഇലക്ട്രോണിക് സെക്യൂരിറ്റി, ഇന്നവേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിവര സാങ്കേതിക ശൃംഖലാ സേവനങ്ങൾ, ഇലക്ട്രോണിക് ചിപ്പുകളുടെ രൂപകൽപ്പനയും പ്രോഗ്രാമിങ്ങും, ഡേറ്റാബേസ് രൂപകൽപന, ഇലക്ട്രോണിക് റിസ്ക് മാനേജ്മെന്റ് സേവനം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക, തൊഴിൽ അവസരങ്ങൾ വർധിപ്പിച്ച് അബുദാബിയുടെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അണ്ടർസെക്രട്ടറി റാഷിദ് അബ്ദുൽകരീം അൽ ബലൂഷി പറഞ്ഞു. ഫ്രീലാൻസ് പ്രഫഷനൽ ലൈസൻസ് പ്രഖ്യാപിച്ചതു മുതൽ ഇതുവരെ 1784 ലൈസൻസുകൾ നൽകിയതായും സൂചിപ്പിച്ചു.
അതാതു മേഖലയിൽ കുറഞ്ഞത് 3 വർഷം അനുഭവ പരിചയ മോ അക്കാദമിക്, പ്രഫഷനൽ യോഗ്യതയോ ഉള്ളവർക്ക് ഫ്രീലാൻസ് ലൈസൻസിന് www.adbc.gov.ae വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഇവർക്കും കുടുംബത്തിനും താമസ വീസയും ലഭിക്കും. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്