ദുബായ് : പ്രതിസന്ധി ബാധിച്ച പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന ജനീവ ആസ്ഥാനമായ ആഗോള സംഘടനയായ എജുക്കേറ്റേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ഇ ഡബ്ല്യു ബി) ദക്ഷിണ ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ മഅ്ദിൻ അക്കാദമിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.
പുതിയ ലോകത്തിനായി വിദ്യാഭ്യാസ സേവനങ്ങളിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.
ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ ഇഡബ്ല്യുബി ചെയർമാൻ ഡോ.മുഹമ്മദ് അൽ ബെയിലിയുടെ സാന്നിധ്യത്തിൽ മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ രണ്ട് വിദ്യാഭ്യാസ ഓർഗനൈസേഷനുകൾ തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
” സമൂഹത്തിലെ ഏറ്റവും അർഹരായ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനുള്ള സംരംഭത്തിൽ ഇഡബ്ല്യുബി യുമായി പങ്കാളികളാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് ” ധാരണാപത്രത്തിൽ ഒപ്പുവെച്ചു കൊണ്ട് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു.മഅ്ദിൻ അക്കാദമിയുടെ എല്ലാത്തരം അധ്യാപക പരിശീലന പരിപാടികൾ ഏഷ്യയിലെ ഇ ഡബ്ലിയു ബി ക്ക് നൽകുമെന്നും അക്കാദമിയിൽ നിന്നുമുള്ള സന്നദ്ധസേവകർ ഇ ഡബ്ലിയു ബി നടത്തുന്ന നിരവധി പരിപാടികളുടെയും ഗവേഷണ പരിപാടികളുടെയും ഭാഗമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ മലപ്പുറം ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സംഘടനയാണ് മഅദിൻ അക്കാദമി. നാല്പതിലധികം വിദ്യാഭ്യാസസ്ഥാപനങ്ങളിലായി ഇരുപത്തി അയ്യായിരത്തോളം വിദ്യാർഥികൾക്ക് സേവനം നൽകുകയും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
” മഅ്ദിൻ അക്കാദമിയുടെ പിന്തുണയോടെ തെക്കുകിഴക്കൻ ഏഷ്യൻ ദക്ഷിണേഷ്യൻ സമൂഹങ്ങളുമായി ഇടപഴകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും സാങ്കേതിക അധ്യാപന സാമഗ്രികളും വിദൂര വിദ്യാഭ്യാസ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിലും വികലാംഗരായ വിദ്യാർഥികളെ പിന്തുണക്കുന്നതിലും എല്ലാവിധ സഹകരണങ്ങളും കൂട്ടിയുറപ്പിക്കാൻ ഈ കരാറിലൂടെ ശ്രമിക്കുന്നതായും ഇഡബ്ല്യുബി യുടെ ചെയർമാൻ ഡോക്ടർ മുഹമ്മദ് അൽ ബെയിലി പറഞ്ഞു.