മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സമവായത്തിലേക്കെന്ന് സൂചന. അവകാശവാദത്തില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിപദവികള്‍ സംബന്ധിച്ചും മുന്നണികള്‍ക്കിടയില്‍ ധാരണയായി. അടുത്ത മാസം ഒന്നിന് സത്യപ്രതിജ്ഞ നടത്താനാണ് ആലോചന.നിലവിലെ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഏക്‌നാഥ് ശിന്‍ഡെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ക്കൊപ്പമാണ് ശിന്‍ഡെ എത്തിയത്. പുതിയ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഇന്ന് തന്നെ ഉത്തരം കിട്ടിയേക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിന്ന് ശിന്‍ഡെ വിഭാഗം പുറകോട്ട് പോവുന്നതിന്റെ സൂചനകളും ഇന്നുണ്ടായി. നരേന്ദ്രമോദിയും അമിത് ഷായും എടുക്കുന്ന ഏത് തീരുമാനവും അംഗീകി്കുമെന്ന് ശിന്‍ഡെ വിഭാഗം നേതാവ് ദീപക് കേസര്‍ക്കര്‍ പറഞ്ഞു. തനിക്ക് പിന്തുണയുമായി ഔദ്യോഗിക വസതിക്ക് മുന്നില്‍ തടിച്ച് കൂടേണ്ടെന്ന് പ്രവര്‍ത്തകരോട് ശിന്‍ഡെ തന്നെ ആവശ്യപ്പെട്ടു.
ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് ആര്‍എസ്എസിന് പിന്നാലെ ബിജെപി ദേശീയ നേതൃത്വവും നിലപാട് എടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അമിത് ഷാ തന്നെ സാഹചര്യം ശിന്‍ഡെയെ അറിയിക്കും. അജിത് പവാറും ഫഡ്‌നാവിസിനൊപ്പമാണ്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയും വേഗത്തിലായിട്ടുണ്ട്. ബിജെപിക്ക് 21 മന്ത്രിമാര്‍ തന്നെയുണ്ടാവും. 12 മന്ത്രി സ്ഥാനം ശിന്‍ഡെ വിഭാഗത്തിനും 10 എണ്ണം എന്‍സിപിക്കും കിട്ടുമെന്നാണ് വിവരം. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാര്‍ക്കുമൊപ്പം 20 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്‌തേക്കും.