അണ്ണാ സർവകലാശാല പീഡനക്കേസിൽ പൊലീസിനും സർക്കാരിനുമെതിര അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. എഫ്ഐആറിൽ പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തി അപ്‍ലോഡ് ചെയ്തത് പൊലീസിന്റെ പിഴവാണെന്ന് കോടതി വിമർശിച്ചു. 10 വർഷമായി പ്രതി ക്യാമ്പസിൽ വിലസിനടക്കുന്നത് തടയിടാൻ അധികൃതർക്ക് എന്തുകൊണ്ട് കഴിഞ്ഞില്ലെന്നും കോടതി ചോദിച്ചു.
അണ്ണാ സർവകലാശാല പീഡനക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എഫ്ഐആറിലൂടെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നത് പൊലീസിന് ഒരിക്കലും ന്യായീകരിക്കാൻ ആകില്ലെന്ന് കോടതി പറഞ്ഞു.പെൺകുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് സർക്കാർ ഉത്തരവാദി ആണ്. കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് പൊലീസ് പറയുന്നു എങ്കിൽ കമ്മീഷ്ണർ വാർത്താസമ്മേളനം നടത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.ക്യാമ്പസിൽ 56 സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ല. പ്രതി ജ്ഞാനശേഖരൻ കഴിഞ്ഞ പത്ത് വർഷമായി ക്യാമ്പസിനുള്ളിൽ കറങ്ങിനടക്കുന്നുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു. പെൺകുട്ടിയെ കുറിച്ച് മോശമായി സംസാരിക്കാൻ ആർക്കും അവകാശമില്ല. പുരുഷ സുഹൃത്തിനൊപ്പം സമയം ചിലവിടുന്നത് പെൺകുട്ടിയുടെ അവകാശമാണെന്നും കോടതി വ്യക്തമാക്കി.
കേസിൽ നാളെയും വാധം തുടരും.