അബുദാബി : യുഎഇയുടെ 53ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ പ്രാദേശിക കർഷകർക്കും കാർഷിക ഉത്പന്നങ്ങൾക്കും പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘അൽ ഇമറാത്ത് അവ്വൽ’ ആരംഭിച്ചു. അബുദാബി ഫോർസാൻ സെൻഡ്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് ‘അൽ ഇമറാത്ത് അവ്വൽ ഉദ്ഘാടനം ചെയ്തു. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ കൂടുതൽ പിന്തുണ നൽകി യുഎഇയുടെ പ്രാദേശിക വികസനത്തിന് കൈത്താങ്ങുകയാണ് ലുലു. ‘അൽ ഇമറാത്ത് അവ്വൽ’ യുഎഇയുടെ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ നൽകുന്നതാണെന്നും ലുലുവിന്റെ ചുവടുവയ്പ്പ് പ്രശംസനീയമെന്നും യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് പറഞ്ഞു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും കരുത്ത് പകരാനുള്ള ലുലുവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ‘അൽ ഇമറാത്ത് അവ്വൽ’ എന്ന് ലുലു ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. രാജ്യത്തെ കാർഷിക മേഖലയെയും പ്രാദേശിക വ്യവസായത്തെയും ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സംഭാവന നൽകുകയാണ് ലുലുവെന്നും എമിറാത്തി ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ എമിറേറ്റ്‌സ് അവ്വൽ സംരംഭം പ്രാദേശിക ഭക്ഷ്യമേഖലയെ ശക്തിപ്പെടുത്തുമെന്നും അദേഹം കൂട്ടിചേർത്തു.പ്രാദേശിക കാർഷിക ഉത്പന്നങ്ങൾക്ക് ലുലു സ്റ്റോറുകളിൽ കൂടുതൽ പ്രചാരം നൽകാൻ സിലാലുമായി ലുലു ധാരണാപത്രം ഒപ്പുവച്ചു. ജിസിസിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ യുഎഇ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണിസാന്നിദ്ധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം. കൂടാതെ, കർഷകർക്കുള്ള ആദരമായി യുഎഇയിലെ ആറ് കർഷകരെ ചടങ്ങിൽ ആദരിച്ചു.