സംസ്ഥാനത്തെ 31 തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്ത് യുഡിഎഫ്. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകൾ നേടി. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി 3 എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി. ഫലം പുറത്തുവന്നതോടെ തൃശൂര്‍ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകും.എൽഡിഎഫില്‍ നിന്ന് യുഡിഎഫ് 9 സീറ്റുകളും യുഡിഎഫിൽ നിന്ന് എൽഡിഎഫ് 4 സീറ്റുകളും പിടിച്ചെടുത്തു. ബിജെപിയിൽ നിന്ന് എൽഡിഎഫ് ഒരു സീറ്റും യുഡിഎഫിൽ നിന്നും ബിജെപി ഒരു സീറ്റും പിടിച്ചു. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ, നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടിയിരുന്നു. 61.87 ശതമാനം പേർ വോട്ടുരേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.