അബുദാബി: പുസ്തകപ്രേമികൾക്ക് സൃഷ്ടികളുടെ വലിയനിര പരിചയപ്പെടുത്തുന്ന ലുലു റീഡേഴ്സ് വേൾഡ് ബുക്ക് ഫെസ്റ്റിന് മുസഫ ക്യാപിറ്റൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ തുടക്കമായി. ഓഗസ്റ്റ് 26 വരെ നടക്കുന്ന മേളയിൽ മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളിലുള്ള എല്ലാ വിഭാഗങ്ങളിലും ഉൾപ്പെടുന്ന പുസ്തകങ്ങൾ ലഭ്യമാണ്.
പഠനസഹായികളായ പുസ്തങ്ങളുടെ വലിയ നിരയും മേളയിലുണ്ട് വിഖ്യാത എഴുത്തുകാരുടെ മികച്ച സൃഷ്ടികൾ പരിശോധിക്കാനും മിതമായ നിരക്കിൽ സ്വന്തമാക്കാനുമുള്ള അവസരമാണ് ഫെസ്റ്റ് തുറന്നിടുന്നത്. ലുലു റീഡേഴ്സ് വേൾഡ് ബുക്ക് ഫെസ്റ്റിവൽ ഉദ്ഘാടനം മനാസെൽ ഗ്രൂപ്പ് സി.ഇ.ഒ മംദോഹ് ഫാത്തി നിർവഹിച്ചു.
ലുലു ഗ്രൂപ്പ് അബുദാബി, അൽ ദഫ്റ ഡയറക്ടർ ടി.പി.അബൂബക്കർ, ഗ്രൂപ്പ് അബുദാബി, അൽ ദഫ്റ റീജിയണൽ ഡയറക്ടർ അജയകുമാർ എന്നിവർ സംബന്ധിച്ചു. മുസഫ ക്യാപിറ്റൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ മാത്രമാണ് ഫെസ്റ്റ് നടക്കുന്നത്.