കുവൈറ്റ്: കുവൈത്തിന്റെ മുഖഛായ മാറ്റുന്ന വൻ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ തയ്യാറെടുക്കുന്നു. വിഷൻ- 2035 ലക്ഷ്യമിട്ട് ആവിഷ്കരിക്കുന്ന പദ്ധതികൾ താമസം കൂടാതെ പ്രാവർത്തികമാക്കാനാണ് നീക്കം. സുലൈബിക്കാത്ത് ഉൾക്കടലുമായി ബന്ധപ്പെട്ടും ജഹ്‌റ കടലോരത്തും ലക്ഷ്യമിട്ട പദ്ധതികൾ രാജ്യത്തിന്റെ മുഖഛായ മാറ്റുന്നതിനൊപ്പം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പ്രയോജന പ്പെടുമെന്നാണ് വിലയിരുത്തൽ.കുവൈത്തിനെ മേഖലയിലെ സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ഹബ് ആക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. അതിന്റെ പൂർത്തീകരണമാണ് വിഷൻ-2035. 200 കോടി ദിനാർ ചെലവിലാണ് രണ്ട് പദ്ധതികളും നടപ്പാക്കുക.
സുലൈബിക്കാത്ത് ഉൾക്കടലുമായി ബന്ധപ്പെട്ട പദ്ധതി ഷുവൈഖിലെ സ്വത്രന്ത്ര വ്യാപാര മേഖല തൊട്ട് ഉം അൽ നമീൽ ദ്വീപ് വരെ 38 കിലോമീറ്റർ ദൈർഘ്യമുള്ളതാകും. സമുദ്രപരിസ്ഥിതി പൂർണമായും സംരക്ഷിച്ചുള്ളതാകും പദ്ധതി. 150 കോടി ദിനാർ ആണ് ഈ പദ്ധതിക്ക് ചെലവാക്കുക.
പരിസ്ഥിതി മെച്ചപ്പെടുത്തൽ, റിക്രിയേഷൻ സംവിധാനങ്ങൾ എന്നിവയ്ക്ക് പുറമേ 6000 ഭവന യൂണിറ്റുകളും പദ്ധതിയിൽ ഉൾപ്പെടും. റിസോർട്ടുകളിലും ഹോട്ടലുകളിലുമായി 5400 മുറികളുമുണ്ടാകും. 64000 പേർക്ക് ജോലി ലഭിക്കുന്നതാണ് പദ്ധതി. ജഹ്‌റ കടലോരവുമായി ബന്ധപ്പെട്ട് ജഹ്‌റ കോർണീഷ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. 7.3 കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി.