സൗദി അറേബ്യ: സൗദി അറേബ്യ മറ്റ് അഞ്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തി.
സ്വന്തം പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകിക്കൊണ്ട്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കാനും, എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യം ശ്രമിക്കുന്നുവെന്ന് പ്രഖ്യാപിച്ചു.
25 ശതമാനത്തിൽ താഴെ പ്രാദേശിക തൊഴിലാളികളുള്ള കമ്പനികൾ നിർമിക്കുന്ന ചരക്കുകളും, പരിവർത്തന പ്രക്രിയയ്‌ക്ക് ശേഷം അധിക മൂല്യത്തിന്റെ 40 ശതമാനത്തിൽ കുറവായ വ്യാവസായിക ഉൽപ്പന്നങ്ങളും രാജ്യം ജിസിസി താരിഫ് കരാറിൽ നിന്ന് ഒഴിവാക്കും.
സ്വതന്ത്രമേഖലയിൽ നിർമ്മിക്കുന്ന എല്ലാ സാധനങ്ങളും പ്രാദേശികമായി നിർമ്മിച്ചതായി പരിഗണിക്കില്ലെന്ന് സൗദി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രി ഉത്തരവിൽ വ്യെക്തമാക്കി. ലഘുവായ റെഗുലേഷനുകളോടെ വിദേശ കമ്പനികൾക്ക് പ്രവർത്തിക്കാനും വിദേശ നിക്ഷേപകർക്ക് കമ്പനികളിൽ 100 ശതമാനം ഉടമസ്ഥാവകാശം നേടാനും അനുവദിക്കുന്ന മേഖലകളാണ് ഫ്രീ സോണുകൾ.
ഉത്തരവ് അനുസരിച്ച്, ഇസ്രായേലിൽ നിർമ്മിച്ചതോ, ഇസ്രായേൽ നിക്ഷേപകരുടെ പൂർണമായോ ഭാഗികമായോ ഉടമസ്ഥതയിലുള്ള കമ്പനികൾ അല്ലെങ്കിൽ ഇസ്രായേലിനെ സംബന്ധിച്ച അറബ് ബഹിഷ്‌കരണ കരാറിൽ ലിസ്റ്റുചെയ്തിരിക്കുന്ന കമ്പനികൾ നിർമ്മിക്കുന്ന ഒരു ഘടകം അടങ്ങിയിരിക്കുന്ന ചരക്കുകൾ അയോഗ്യരാക്കപ്പെടും. കഴിഞ്ഞ വർഷം ബന്ധം സാധാരണ നിലയിലാക്കിയ ശേഷം യുഎഇയും ഇസ്രായേലും നികുതി ഉടമ്പടിയിൽ കഴിഞ്ഞ മെയ് മാസത്തിൽ ഒപ്പുവെച്ചിരുന്നു.
മറ്റൊരു ജിസിസി അംഗമായ ബഹ്‌റൈൻ 2020 സെപ്റ്റംബറിൽ ഒപ്പുവച്ച അബ്രഹാം കരാർ പ്രകാരം ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കി. മേഖലയിലെ മറ്റേതൊരു രാജ്യത്തും മിഡിൽ ഈസ്റ്റ് ഹബുകളെ അടിസ്ഥാനമാക്കിയുള്ള ബിസിനസുകൾക്ക് സംസ്ഥാന കരാർ നൽകുന്നത് അവസാനിപ്പിക്കുമെന്ന് ഫെബ്രുവരിയിൽ സൗദി സർക്കാർ അറിയിച്ചിരുന്നു. സമീപകാല സൗദി വ്യാപാര ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ നിയമ മാറ്റങ്ങൾ വരുത്തുന്നത് എന്ന് രാജ്യം പ്രഖ്യാപിച്ചു.
മൊത്തം 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിൽ പ്രാദേശിക തൊഴിലാളികളുള്ള കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങളിലെ വ്യാവസായിക അധികമൂല്യം വർദ്ധിപ്പിച്ചുകൊണ്ട് ഈ വ്യത്യാസം നികത്താൻ കഴിയുമെന്ന് മന്ത്രിതല ഉത്തരവിൽ പറയുന്നുണ്ട്. മുൻഗണനാ താരിഫ് കരാറിൽ നിന്ന് പ്രയോജനം നേടുന്നതിന് അധിക മൂല്യം 15 ശതമാനത്തിൽ നിന്നും കുറയാൻ പാടുള്ളതല്ല.