യു.എ.ഇയുടെ 53ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി ഒരുക്കുന്ന സാംസ്കാരിക സമ്മേളനം ഡിസംബർ ഒന്ന് ഞായറാഴ്ച വൈകുന്നേരം ആറു മുതൽ ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലെഷർലാൻഡിൽ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി മുഖ്യാതിഥിയാകും. ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സോഷ്യൽ റെഗുലേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് അൽ മുഹൈറി, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. ുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവരും അറബ് പ്രമുഖരും സാമൂഹ്യ സാംസ്കാരിക വാണിജ്യ രംഗത്തെ ഉന്നത വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കും.ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് സമാധാനപൂർണമായ ജീവിതവും തൊഴിലും നൽകി സംരക്ഷിക്കുന്ന യു.എ.ഇയുടെ ദേശീയദിനം വളരെ അഭിമാനത്തോടെയാണ് ദുബൈ കെ.എം.സി.സി ആഘോഷിക്കുന്നതെന്ന് ദുബൈ കെ.എം.സി.സി ഈദുൽ ഇത്തിഹാദ് ആഘോഷ സ്വാഗതസംഘം ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞു.