യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈയിലെ സാമൂഹിക, സാംസ്കാരിക കൂട്ടായ്മയായ ‘ഓർമ’ സംഘടിപ്പിക്കുന്ന ‘കേരളോത്സവം 2024’ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. വൈകീട്ട് നാലു മുതൽ ദുബൈ ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടികൾ.ഡിസംബർ ഒന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ നർത്തകിയും സിനിമ താരവുമായ മേതിൽ ദേവിക മുഖ്യാതിഥിയാകും. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയും ദുബൈ സർക്കാർ പ്രതിനിധികളും പങ്കെടുക്കും.മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന മേളം, യുവ ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ, സിതാര കൃഷ്ണകുമാർ, സ്റ്റാർ സിങ്ങർ വിജയി അരവിന്ദ് നായർ എന്നിവർ ഒരുക്കുന്ന സംഗീതനിശ എന്നിവ അരങ്ങേറും.നൂറോളം വർണക്കുടകൾ ഉൾപ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവും ഇത്തവണ ശ്രദ്ധേയമാവും. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ പൂക്കാവടികൾ, തെയ്യം, കാവടിയാട്ടം, നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങൾ വർണ വിസ്മയമൊരുക്കും. തെരുവുനാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗംകളി കോൽക്കളി, പൂരക്കളി, സംഗീത ശിൽപം, സൈക്കിൾ യജ്ഞം, ഡാൻസ് തുടങ്ങിയ നൃത്ത-നാടൻ-കലാരൂപങ്ങൾ അണിനിരക്കും.