തിരുവനന്തപുരം : മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നും കുട്ടികളെ കരകയറ്റാൻ “കൂട്ട് “പദ്ധതിയുമായി കേരളാ പോലീസ്.മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം ദിനംപ്രതി കുട്ടികളിൽ ലഹരിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഇതിൽ നിന്നും ഒരു മോചനത്തിനായി കേരള പോലീസ് ആരംഭം കുറിച്ച പദ്ധതിയായിരുന്നു “കിഡ്സ് ഗ്ലോ” . ഇതിന്റെ തുടർച്ചയായാണ് “കൂട്ട്” എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കുന്നത്.
മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ,സൈബർ തട്ടിപ്പ്, സ്വയം സംരക്ഷണം തുടങ്ങിയ എല്ലാ തരത്തിലുള്ള മേഖലകളിലും കുട്ടികൾക്ക് ബോധവത്ക്കരണം നൽകുന്നതിലൂടെ അവർക്ക് മികച്ച സംരക്ഷണം നൽകാനായാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്.
ആദ്യ ഘട്ടങ്ങളിൽ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം ജില്ലകൾ തോറും കൗൺസിലർമാരേയും നിയമിക്കും.സൈബർ കുറ്റകൃത്യങ്ങളിൽ ഇരയായവർക്ക് നിയമപരവും മാനസികപരവുമായ പിന്തുണയും പദ്ധതി ഉറപ്പാക്കുന്നുവെന്നും സ്കൂൾ കേന്ദ്രീകരിച്ചു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുമെന്നും എഡിജിപി മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.