ഷാർജയിൽ പിടികൂടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള ഫീസ് പുതുക്കാൻ ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിച്ചു.ഈ തീരുമാനം എല്ലാ വാഹന തരങ്ങൾക്കും അവയുടെ ഉടമകൾക്കും അല്ലെങ്കിൽ ഡ്രൈവർമാർക്കും ബാധകമാണ്, ഗുരുതരമായ കുറ്റങ്ങൾക്കാണ് വാഹനങ്ങൾ കണ്ടുകെട്ടുന്ന കേസുകൾ വരുന്നത്.അശ്രദ്ധമായ ഡ്രൈവിങ്ങും അശ്രദ്ധയും മൂലം ജനങ്ങളുടെയും സ്വത്തിൻ്റെയും സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന, ഗുരുതരമായ കുറ്റങ്ങൾക്ക് കണ്ടുകെട്ടിയ വാഹനങ്ങൾ നിയമപരമായ കണ്ടുകെട്ടൽ കാലാവധി കഴിഞ്ഞാൽ പുതുക്കിയ ഫീസ് അടച്ചാൽ തിരികെ നൽകാനാണ് തീരുമാനം. എന്നിരുന്നാലും, പുതുക്കിയ ഫീസ് എത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.ഇന്ന് ചൊവ്വാഴ്ച ഷാർജ ഭരണാധികാരിയുടെ ഓഫീസിൽ ഷാർജ കിരീടാവകാശിയും കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു ഇത് തീരുമാനമായത്. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും മറ്റും യോഗത്തിൽ പങ്കെടുത്തിരുന്നു.