യുഎഇ: യുഎഇയിൽ ഉപഭോക്താക്കളെ വലവീശാൻ ലഹരി ഇടപാടുകാർ വാട്സാപും ഉപയോഗിക്കുന്നുണ്ടെന്നും അബുദാബിയിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ രഹസ്യാന്വേഷണ വിഭാഗമായ ‘അമാൻ സർവീസിൽ’ അറിയിക്കണമെന്നും അബുദാബി പൊലീസ്. വിവരം കൈമാറുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല. 24 മണിക്കൂറും ലഭിക്കുന്ന അമാൻ സേവനത്തിന് 800 2626 ടോൾഫ്രീ നമ്പറിലോ 2828 എസ്എംഎസ് ആയോ aman@adpolice.gov.ae ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ലഹരി മരുന്നിന്റെ ചിത്രവും ദൃശ്യവും സഹിതമാണു സന്ദേശം അയയ്ക്കുന്നത്. നിയമപ്രശ്നങ്ങൾ പേടിച്ച് പലരും പരാതിപ്പെടാനോ പുറത്തുപറയാനോ മടിക്കുകയാണ്. പാക്കിസ്ഥാനിൽ റജിസ്റ്റർ ചെയ്ത (+92) ഫോൺ നമ്പറിൽ നിന്നാണ് വാട്സാപ് സന്ദേശം ലഭിക്കുന്നത്. ചിലർ നമ്പർ ബ്ലോക്ക് ചെയ്തു കൂടുതൽ സന്ദേശങ്ങൾ ഒഴിവാക്കുന്നു.
യുഎഇയിൽ ലഹരിഇടപാട് നടത്തുന്നവർ പിടിക്കപ്പെട്ടാൽ തടവും പിഴയും നാടുകടത്തലുമാണ് ശിക്ഷ.കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ജീവപര്യന്തം വരെ തടവും 2 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. ലഹരി ഉപയോഗിച്ചവർക്ക് 6 മാസം മുതൽ 2 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. ലഹരിമരുന്ന് ഉപയോഗം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കു വിസമ്മതിച്ചാൽ 10,000 ദിർഹം പിഴ ചുമത്തും.