അബുദാബി: അബുദാബിയിൽ സ്കൂള്‍ ബസ് സ്റ്റോപ് സിഗ്നല്‍ പ്രദർശിപ്പിക്കുന്ന സമയത്ത് മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ സ്കൂള്‍ ബസ് നിര്‍ത്തിയിടുകയും സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റുവാഹനങ്ങള്‍ നിര്‍ത്തണമെന്ന് അബൂദബി പൊലീസ് സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ 10 ബ്ലാക്ക് പോയൻറ് ചുമത്തുമെന്നും പൊലീസ് അറിയിച്ചു. നിയമലംഘനം കണ്ടെത്താന്‍ സ്കൂള്‍ ബസുകളില്‍ ഈ വര്‍ഷം െസപ്റ്റംബറില്‍ അധികൃതര്‍ റഡാറുകള്‍ സ്ഥാപിച്ചിരുന്നു. സ്കൂള്‍ ബസുകള്‍ കുട്ടികളെ കയറ്റാനും ഇറക്കാനുമായി സ്റ്റോപ്പുകളില്‍ നിര്‍ത്തുന്ന സമയത്ത് അബൂദബിയിലെ 17 ശതമാനം വാഹനങ്ങളും നിയമം ലംഘിക്കാറുണ്ടെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂള്‍ ബസുകളില്‍ റഡാറുകള്‍ സജ്ജീകരിച്ചത്.കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി സ്കൂള്‍ ബസ് നിര്‍ത്തുന്ന സമയത്ത് സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കും പിഴ ചുമത്തുമെന്നും അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒറ്റവരി പാതയിലാണ് സ്കൂള്‍ ബസ് സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിച്ച് നിര്‍ത്തിയിട്ടിരിക്കുന്നതെങ്കില്‍ ഇരുവശത്തും നിന്നുവരുന്ന വാഹനങ്ങള്‍ ബസില്‍നിന്ന് അഞ്ച് മീറ്റര്‍ അകലെയായി നിര്‍ത്തിയിടണമെന്നും ഇരട്ടവരി പാതയിലാണ് നിര്‍ത്തിയിരിക്കുന്നതെങ്കില്‍ ബസ് പോവുന്ന ദിശയില്‍ വരുന്ന വാഹനങ്ങള്‍ അഞ്ച് മീറ്റര്‍ അകലെയായി നിര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.