ഷാർജ: ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിൽ എത്തിയ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മളമായ സ്വീകരണം നൽകി.ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ എന്നിവർ ചേർന്ന് അദ്ദേഹത്തെ വരവേറ്റു.സ്വീകരണത്തിന് മറുപടി പറയവേ, ശ്രീ സാദിഖലി ശിഹാബ് തങ്ങൾ, സാർവ്വ മാനവികതയുടെ സന്ദേശം ഉൾക്കൊണ്ട് ജീവിക്കേണ്ടത് ഓരോരുത്തരുടെയും പ്രാഥമിക കടമയാണെന്ന് ഓർമ്മിപ്പിച്ചു. വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിർത്തുമ്പോഴും പ്രവാസികളുടെ കൂട്ടായ്മയ്ക്കും അവരുടെ ഉന്നമനത്തിനും വേണ്ടി ഒന്നിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.ഷാർജ അസോസിയേഷൻ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വിശിഷ്യ, സ്പെഷ്യൽ നീഡ്സ് കുട്ടികൾക്ക് വേണ്ടി ആരംഭിച്ച സ്കൂൾ എടുത്തുപറയത്തക്കതും അഭിനന്ദനം അർഹിക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
സ്വീകരണ യോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ട്രഷറർ ഷാജി ജോൺ, ജോയിൻറ് സെക്രട്ടറി ജിബി ബേബി എന്നിവർ സംസാരിച്ചു.