ഇന്ത്യ-യു.എ.ഇ വിമാന യാത്ര നിരക്ക് വർധന തടയാൻ ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് പോംവഴിയെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അബ്ദുനാസർ അൽഷാലി പറഞ്ഞു. യാത്രക്കാരുടെ എണ്ണം വർധിക്കുകയും വിമാനങ്ങളുടെ ശേഷി കുറയുന്നതുമാണ് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണം.മികച്ച ഗതാഗത ബന്ധങ്ങളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇന്ത്യയിലെ വിവിധ മേഖലകളിലേക്ക് നേരിട്ടുള്ള വിമാന സർവിസുകളുടെ പ്രാധാന്യവും അംബാസഡർ എടുത്തു പറഞ്ഞു. ഡി.ഐ.എഫ്.സിയിൽ നടന്ന ഇന്ത്യ-യു.എ.ഇ ഫൗണ്ടേഴ്സ് റിട്രീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഓരോ ദിവസവും വിമാന ടിക്കറ്റ് നിരക്ക് വർധിക്കുകയാണ്. അതോടൊപ്പം ആവശ്യകതയും വർധിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങളും അതനുസരിച്ച് സീറ്റുകളുടെ ശേഷിയും വർധിച്ചേ തീരൂ. അല്ലാത്ത പക്ഷം ടിക്കറ്റ് വർധിക്കുന്നത് തുടരും’. -അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സഞ്ചരിക്കാൻ അവസരം ലഭിച്ചിരുന്നു. നിശ്ചിത ദിവസങ്ങളിൽ സ്വന്തം നഗരത്തിനടുത്തുള്ള എയർപോർട്ടുകളിലേക്ക് യാത്ര ചെയ്യാനാണ് ഇന്ത്യൻ ഇഷ്ടപ്പെടുന്നതെന്ന് ഈ യാത്രയിൽ മനസ്സിലായി. അതുകൊണ്ടാണ് വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടത് നിർണായകമാണെന്ന് വ്യക്തമായത്.
ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും ടയർ2 നഗരങ്ങളെ യു.എ.ഇയുമായി ബന്ധിപ്പിക്കാനുമുള്ള ആശയം താൻ മുന്നോട്ടുവെച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇത് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ബിസിനസ് അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന വിജയ സാഹചര്യം സൃഷ്ടിക്കുക എന്നതിനാണ് ശ്രദ്ധ നൽകുന്നതെന്നും അൽഷാലി കൂട്ടിച്ചേർത്തു.ഇന്ത്യയിൽനിന്നുള്ള 60 സ്റ്റാർട്ടപ്പുകളുടെ ഉടമകൾ, ബിസിനസ് നേതാക്കൾ, നിക്ഷേപകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഡൽഹിയിലെ യു.എ.ഇ എംബസിയും യു.എ.ഇ-ഇന്ത്യ സെപ കൗൺസിലും സഹകരിച്ചാണ് ത്രിദിന റിട്രീറ്റ് സംഘടിപ്പിച്ചത്.