ദുബൈ: ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ പുതിയ സൈനിക സംഘർഷങ്ങൾ രൂക്ഷമാകുമ്പോൾ, യു.എ.ഇയിൽ താമസിക്കുന്ന ഇരു രാജ്യങ്ങളിലെയും പ്രവാസികൾ തങ്ങളുടെ സർക്കാരുകളിൽ നിന്ന് സമാധാനം, സംഭാഷണം, സംയമനം എന്നിവ ആവശ്യപ്പെടുന്നു.ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ മിസൈൽ ആക്രമണവും പാകിസ്ഥാന്റെ പ്രതികരണ പ്രതിജ്ഞയും യു.എ.ഇയിലെ ഇന്ത്യക്കാരിലും പാകിസ്ഥാനികളിലും ഉത്കണ്ഠ വർധിപ്പിച്ചിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ടുകളിൽ സൂചിപ്പിച്ചു.ബുധനാഴ്ച പുലർച്ചെയുണ്ടായ സംഭവ വികാസങ്ങൾ വീക്ഷിച്ചുകൊണ്ട് ഫോണുകളിലും ടെലിവിഷൻ സ്‌ക്രീനുകളിലും ഒതുങ്ങി നിൽക്കുകയാണെന്ന് നിരവധി പ്രവാസികൾ പറഞ്ഞു. വർധിച്ചു വരുന്ന പിരിമുറുക്കത്തിന് വേഗത്തിൽ അറുതി വരുമെന്ന് അവർ പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.രണ്ടും ആണവ രാഷ്ട്രങ്ങളായതിനാൽ തന്നെ, അവ പരസ്പരം സംസാരിക്കണമെന്നും, എല്ലാ യുദ്ധങ്ങളും സംഭാഷണത്തോടെ അവസാനിക്കുന്നു; ജീവിതങ്ങൾ പാഴാക്കരുത്, സമ്പദ് വ്യവസ്ഥകളെ നശിപ്പിക്കരുത് എന്നും ദുബൈ ആസ്ഥാനമായ ഒരു അമേരിക്കൻ ബിസിനസുകാരൻ പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമ റിപ്പോർട്ടിൽ പറഞ്ഞു. സംയമനം പാലിക്കാനും തുറന്ന സംഭാഷണത്തിൽ ഏർപ്പെടാനും അദ്ദേഹം ഇരു സർക്കാരുകളോടും അഭ്യർത്ഥിച്ചു.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പത്താൻകോട്ടിൽ നിന്നുള്ള ദുബൈയിലെ ഇന്ത്യൻ പ്ലംബർ കുൽദീപ് സിംഗ്, വാർത്ത അറിഞ്ഞ ശേഷം വീട്ടിലേക്ക് വിളിച്ച് സാഹചര്യം പരിശോധിച്ചതായി പറഞ്ഞു.
ഇപ്പോൾ ഗ്രാമത്തിൽ കാര്യങ്ങൾ കുഴപ്പമില്ല. പക്ഷേ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുന്നു. അതിർത്തി പ്രദേശത്തായതിനാൽ ഞങ്ങൾക്ക് കൂടുതൽ പിരിമുറുക്കം തോന്നുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ഇന്ന് തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു -അദ്ദേഹം പറഞ്ഞു.