ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താനും പ്രവർത്തനങ്ങൾക്കുമായി നാട്ടിലെത്തിയ പ്രവാസികളെ വ്യാജ കേസുകളിൽ പെടുത്തി നിർവീര്യമാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് ഇൻകാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രനും ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽമജീദും സംയുക്തമായി പ്രസ്താവിച്ചു.
അധികാരത്തിലേറിയത് മുതൽ സർക്കാർ നടത്തിയ പ്രഖ്യാപനങ്ങൾ ഒന്നുപോലും പ്രാവർത്തികമാക്കാൻ കഴിയാതെ പ്രവാസികളെ വഞ്ചിച്ച സർക്കാരിൻറെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന ഭയത്താലാണ് പ്രവാസികളുടെ സാന്നിധ്യം ഒഴിവാക്കാനും
പ്രവർത്തനങ്ങൾ നിരുത്സാഹപ്പെടുത്താനും കോൺഗ്രസ് അനുഭാവികളെ കേസുകളിൽ പെടുത്തുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
നാലര വർഷമായി പിണറായി സർക്കാർ പ്രവാസികൾക്കായ് പ്രഖ്യാപിച്ച പദ്ധതികൾ ഒന്നുപോലും ഇനിയും പ്രാവർത്തികമാക്കിയിട്ടില്ല.കോവിഡ് കാലത്ത് മലയാളികൾ അനുഭവിച്ച കഷ്ടപ്പാടുകൾ ഒന്നും തന്നെ മറക്കുന്നതുമല്ല.
സംരക്ഷിക്കുന്നതിന് പകരം വെറുക്കപ്പെട്ട വരെ പോലെയാണ് സർക്കാർ പ്രവാസികളോട് പെരുമാറിയതും, അപമാനിച്ചതും
മുഴുവൻ കേരളജനതക്കും ഇത് ബോധ്യപ്പെട്ടിട്ടുള്ളതാണ്.
പ്രവാസികളോട് സ്വീകരിച്ച വഞ്ചനാപരമായ നിലപാടുകൾക്കെതിരെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്ന ഭയത്താലാണ് അവരെ വ്യാജ കേസുകളിൽ കുടുക്കാൻ സർക്കാർ ഭരണസംവിധാനം ദുർവിനിയോഗം ചെയ്യുന്നതെന്ന് നേതാക്കൾ പ്രസ്താവിച്ചു.
ഏതെല്ലാം തരത്തിൽ അടിച്ചമർത്താൻ ശ്രമിച്ചാലും ഈ തെരഞ്ഞെടുപ്പിൽ പ്രവാസി സമൂഹം സർക്കാറിന് എതിരായി തന്നെ വിധിയെഴുതുമെന്നതിൽ സംശയമില്ലെന്ന് ഇൻകാസ് നേതാക്കൾ അഭിപ്രായപ്പെട്ടു.