അബൂദബി: അടിയന്തര വാഹനങ്ങൾക്ക് വഴിമാറി കൊടുക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാരെ ഓർമിപ്പിച്ച് യു.എ.ഇ അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ആംബുലൻസുകൾക്കും പൊലിസ് പട്രോളിംഗിനും മറ്റ് അടിയന്തര പ്രതികരണ വാഹനങ്ങൾക്കും വഴിമാറി നൽകാത്തതിന് 2024ൽ 325 ഡ്രൈവർമാർക്ക് പിഴ ചുമത്തി.“നിങ്ങൾ സൈറണുകൾ കേൾക്കുമ്പോഴോ, മിന്നുന്ന ലൈറ്റുകൾ കാണുമ്പോഴോ, അതൊരു മുന്നറിയിപ്പ് മാത്രമല്ല നടപടിയെടുക്കാനുള്ള ആഹ്വാനമാണെന്ന് മനസ്സിലാക്കണം” -മന്ത്രാലയം പ്രസ്താവിച്ചു. “അടിയന്തര വാഹനങ്ങൾക്ക് വഴിമാറി നൽകുന്നത് നിയമപരമായ ഒരു ആവശ്യകത മാത്രമല്ല; അത് റോഡ് സുരക്ഷയുടെകാര്യം കൂടിയാണ്, ഏറ്റവും പ്രധാനമായി, ജീവൻ രക്ഷിക്കുന്നതുമാണ്” -അധികൃതർ പറഞ്ഞു.
ഗുരുതര പ്രത്യാഘാതങ്ങൾ
ആവശ്യമുള്ളവരിലേക്ക് എത്രയും വേഗം എത്തിച്ചേരാൻ റാപിഡ് റെസ്പോൺസ് സംഘങ്ങൾ തടസ്സമില്ലാത്ത
റോഡുകളെ ആശ്രയിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. കാലതാമസം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യും.അടിയന്തര വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാത്ത ഡ്രൈവർമാർക്ക് 3,000 ദിർഹം പിഴ, 30 ദിവസത്തെ വാഹനം കണ്ടുകെട്ടൽ, 6 ട്രാഫിക് പോയിന്റുകൾ എന്നിവയുൾപ്പെടെ ഗുരുതരമായ ശിക്ഷകൾ നേരിടേണ്ടിവരും. അടിയന്തര വാഹനം പിന്നിലാണോ അരികിലാണോ അല്ലെങ്കിൽ മറ്റൊരു പാതയിൽ നിന്ന് അടുക്കുകയാണോ എന്നത് പരിഗണിക്കാതെ തന്നെ എല്ലാ റോഡ് ഉപയോക്താക്കൾക്കും ഇത് ബാധകമാണ്.
വിവിധ എമിറേറ്റുകളിലായി നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയ സ്ഥലങ്ങളും എണ്ണവും:
ദുബൈ -160. അബൂദബി -107. അജ്മാൻ -31. ഷാർജ -17. റാസൽഖൈമ -5. ഉമ്മുൽഖുവൈൻ -3.ഫുജൈറ -2.