സൗദി അറേബ്യ: സൗദി അറേബ്യയില്‍വാഹന റിവേഴ്‌സ് എടുക്കുന്നവര്‍ 20 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നോട്ടെടുത്താല്‍ ഗതാഗത നിയമ ലംഘനമാവും. 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സുരക്ഷിതവും നിയമാനുസൃതവുമായ രീതിയില്‍ റോഡില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കാതെ വരുന്ന പക്ഷം റോഡിലെ അടുത്ത എക്സിറ്റ് റോഡ് വരെ വാഹനം ഓടിക്കുകയാണ് വേണ്ടത്. റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കാന്‍ പാടില്ല.
യാത്രക്കിടെ അപ്രതീക്ഷിതമായി ടയര്‍ പൊട്ടിത്തെറിച്ചാല്‍ സ്വന്തം സുരക്ഷയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ സുരക്ഷയും മുന്‍നിര്‍ത്തി സ്വീകരിക്കേണ്ട ശരിയായ നടപടികളും ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരെ ഉണര്‍ത്തി. അപ്രതീക്ഷിതമായി ടയര്‍ പൊട്ടിത്തെറിച്ചാല്‍ ഏഴു നടപടികളാണ് ഡ്രൈവര്‍മാര്‍ സ്വീകരിക്കേണ്ടത്. സ്റ്റിയറിംഗ് വീല്‍ മുറുകെ പിടിക്കുകയെന്നതാണ് ഇതില്‍ ഒന്നാമത്തേത്. ബ്രേക്ക് ചവിട്ടാന്‍ പാടില്ല. ആക്സിലേറ്ററില്‍ നിന്ന് കാല്‍പാദം ഉയര്‍ത്തുകയും വേണം. റോഡില്‍ വലതു വശത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തണം. ഇതിനു ശേഷം വാഹനം റോഡരികിലേക്ക് നീക്കണം. സുരക്ഷിതമായ സ്ഥലത്ത് വാഹനം നിര്‍ത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. വാഹനത്തിലെ എമര്‍ജന്‍സി സിഗ്‌നല്‍ പ്രവര്‍ത്തിപ്പിക്കുകയും വേണം.