ദുബൈ: മുൻ കേരള തദ്ദേശ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ള സാഹിബിന്റെ മൂന്നാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ദുബൈ കെ. എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് സഹകരിച്ച് കൊണ്ട് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ സഹായത്തോടെ നാളെ ജൂലൈ 29 വ്യാഴാഴ്ച വൈകുന്നേരം 3.30 മുതൽ രാത്രി 8.30 വരെ ദേര ബനിയാസ് മെട്രോ സ്റ്റേഷനു സമീപത്ത് വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ചെർക്കളം അബ്ദുള്ള സാഹിബിന്റെ സ്മരണാർത്ഥം കഴിഞ്ഞ വർഷം ലത്തീഫ ഹോസ്പിറ്റൽ അങ്കണത്തിൽ വെച്ച് മെഗാ ബ്ലഡ് ഡോണെഷൻ ക്യാമ്പ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരുന്നു.
മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് തന്റെ കർമ്മ മണ്ഡലത്തിൽ സഹജീവി ഉദാത്ത മാതൃക സമ്മാനിച്ച ചെർക്കളം അബ്ദുള്ള സാഹിബ് പ്രവാസികളുടെ ഉന്നമനത്തിനായി എന്നും മുന്നിൽ നിന്ന വ്യക്തിത്വമായിരുന്നു.
നിരവധി ജീവവായു പദ്ധതികൾ താൻ മന്ത്രിയായ സമയത്ത് നടപ്പിലാക്കികൊണ്ട് പാവപ്പെട്ട സമൂഹങ്ങൾക്ക് എന്നും അത്താണിയായ വർത്തിച്ച ചെർക്കളം അബ്ദുള്ള സാഹിബിന്റെ സ്മരണാർത്ഥം നടത്തുന്ന ക്യാമ്പിൽ രക്തം ദാനം നടത്തുന്നവർക്ക് കെ.എം.സി.സി യുടെ പ്രത്യേക പ്രശംസാപത്രം സമ്മാനിക്കുമെന്ന് ജില്ലാ കെ. എം.സി.സി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജന സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറർ ടി.ആർ ഹനീഫ, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു.