ഷാർജ: കാൻസർ ബാധിതരായ കുട്ടികളുടെ അതിജീവനത്തിനായി പ്രവർത്തിക്കുന്ന ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ യുഎഇയിലെ തലശ്ശേരി കൂട്ടായ്മയായ ‘ഹോപ്പ് കണക്ട് തലശ്ശേരി’ അഭ്യുദയകാംക്ഷികളുടെ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഷാർജ മിയാ മാളിൽ നടന്ന ചടങ്ങിൽ യുഎഇ ഘടകം ഹോപ്പ് കണക്ട് തലശ്ശേരിയുടെ ഔദ്യോഗിക ലോഗോ പ്രകാശനവും നടന്നു. പരിപാടിയിൽ ഹോപ്പിന്റെ നിരവധി സഹകാരികൾ പങ്കെടുത്തു.ചടങ്ങിൽ കുട്ടികളുടെ ക്യാൻസർ രോഗ വിദഗ്ധൻ ഡോ. സൈനുൽ ആബിദീൻ കുട്ടികളുടെ ക്യാൻസർ ചികിത്സയിൽ സമൂഹത്തിന്റെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഹോപ്പിന്റെ ഫൗണ്ടർ ഹാരിസ് കാട്ടകത്ത്, കേരളത്തിലെ ക്യാൻസർ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷയും സ്നേഹവും നൽകുന്നതിൽ ഹോപ്പ് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളെയും അതിന്റെ നാൾ വഴികളും വിശദീകരിച്ചു.ഹോപ്പിന്റെ ദൗത്യം, നേട്ടങ്ങൾ, ഭാവി പദ്ധതികൾ എന്നിവയെ കുറിച്ച് ഹോപ്പ് ഫൗണ്ടേഷന്റെ ചീഫ് റിസോഴ്സ് മൊബിലൈസേഷൻ ഓഫീസറായ ആനീഷ് കുമാർ സംസാരിക്കുകയും തുടർന്ന് സന്നദ്ധ സേവന പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുന്ന ഹോപ്പിന്റെ ഹ്രസ്വചിത്രവും പ്രദർശിപ്പിക്കുകയും ചെയ്തു.
റുമൈസ അബ്ദുൽ ഖാദർ, സൽമാൻ ഫാരിസ്, ബഷീർ തിക്കോടി, ജയിലഫ് തുടങ്ങിയവർ സംസാരിച്ചു. ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ ജിസിസി ചെയർമാൻ ഷാഫി അൽ മുർഷിദി, ഡയറക്ടർമാരായ അഡ്വ. ആഷിം അബൂബക്കർ, ഹെറോൾഡ് ഗൊമസ്, സുഹദാ ഹാരിസ് അടക്കമുള്ളവർ സംബന്ധിച്ചു. റിയാസ് കിൽട്ടൻ സ്വാഗതവും അഡ്വ. അജ്മൽ നന്ദിയും പറഞ്ഞു.സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ആളുകളെ ഒന്നിപ്പിച്ച് കാൻസർ ബാധിതരായ കുട്ടികൾക്ക് കൂടുതൽ സഹായം നൽകുന്നതിനായി ‘ഹോപ്പ് കണക്ട്’ എന്ന പേരിൽ കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്രീകരിച്ച് പ്രത്യേക പ്ലാറ്റ്ഫോമുകൾ രൂപീകരിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിൽ ഹോപ്പിൻ്റെ സേവനങ്ങൾ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് തലശ്ശേരി കേന്ദ്രീകരിച്ചുള്ള പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചത്.അടുത്ത് തന്നെ കൂടുതൽ സ്ഥലങ്ങൾ ഏകോപിച്ചുള്ള ഹോപ്പ് കണക്ട് നിലവിൽ വരുന്നതാണെന്ന് ഹോപിന്റെ ഫൗണ്ടർ ഹാരിസ് കാട്ടകത്തും ജി സി സി ചെയർമാൻ ഷാഫി അൽ മുർഷിദിയും അറിയിച്ചു. കേരളത്തിലെ ക്യാൻസർ ബാധ്യതയായ കുട്ടികൾക്ക് ആശ്വാസമായി കോഴിക്കോട്, മുക്കം, കൊച്ചി, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നഹോപ്പ് ഹോംസുകൾ പ്രവർത്തിക്കുന്നു.അതിനിടയിൽ ഹോപിന്റെ പ്രവർത്തനം കേരളത്തിന്റെ പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. . മംഗളുരുവിലെ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ഹോപ് ഹോംസുകൾ തുറക്കാനുള്ള നടപടികൾ നടന്നുവരുന്നുവെന്ന് ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു