റാഞ്ചി: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ മിന്നും ജയത്തോടെ ഭരണത്തുടർച്ച നേടിയ ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറൻ 28ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നലെ ചേർന്ന ജെ.എം.എം പാർലമെന്ററി പാർട്ടി യോഗം നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ തിരഞ്ഞെടുത്തു. വൈകിട്ട് നാലിന് സോറൻ രാജ്ഭവനിലെത്തി ഗവർണർ സന്തോഷ് കുമാർ ഗാങ്‌വാറിനെ കണ്ട് നിലവിലെ മന്ത്രിസഭ രാജിവയ്ക്കുന്നതായി അറിയിച്ചു. രാജിക്കത്തും കൈമാറി. പുതിയ സർക്കാരുണ്ടാക്കാൻ അവകാശവാദവുമുന്നയിച്ചു.സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ, ആർ.ജെ.ഡി നേതാവ് തജസ്വി യാദവ് എന്നിവരുൾപ്പെടെ ‘ഇന്ത്യ’ മുന്നണിയിലെ പ്രധാന നേതാക്കൾ പങ്കെടുത്തേക്കും. 81 അംഗ നിയമസഭയിൽജെ.എം.എം, കോൺഗ്രസ്, ആർ.ജെ.ഡി. സി.പി.ഐ എം.എൽ എന്നിവ ഉൾപ്പെടുന്ന ‘ഇന്ത്യ’ മുന്നണി 56 സീറ്റുകളാണ് നേടിയത്. 16 സീറ്റ് നേടിയ കോൺഗ്രസ് നാല് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.