മലയാളികൾക്കടക്കം ഗൾഫ് പ്രിയം കുറയുന്നു .ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് പോകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയത്തിലെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ കണക്കു പ്രകാരം ജി.സി.സി. രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം 2015-ലെ 7.6 ലക്ഷത്തില്‍നിന്ന് 2020-ല്‍ 90,000 ആയിചുരുങ്ങി. അതേ സമയം, അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പുര്‍പോലുള്ള വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടുകയും ചെയ്തു.
2020-ല്‍ ഗള്‍ഫിലേക്കുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ പകുതിയും ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. തൊഴിലിനായുള്ള കുടിയേറ്റത്തിലെ ഈ മാറ്റം പ്രവാസികള്‍ രാജ്യത്തേക്കയക്കുന്ന പണത്തിന്റെവിതരണത്തിലും വലിയ മാറ്റമുണ്ടാക്കി. റിസര്‍വ് ബാങ്കിന്റെ ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവയുള്‍പ്പെട്ട ജി.സി.സി. രാജ്യങ്ങളിലുണ്ടായി ട്ടുള്ളതൊഴില്‍രംഗത്തെ മാറ്റം ഏറ്റവുമധികം ബാധിച്ചത് കേരളത്തെയാണ്. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിപ്പണംകുത്തനെ ഇടിയാന്‍ ഇതു കാരണമായി. അഞ്ചുവര്‍ഷംകൊണ്ട് പകുതിയോളമാണ് കുറഞ്ഞത്. 2016-17-ല്‍ രാജ്യത്തെത്തുന്നതിന്റെ 19 ശതമാനം പ്രവാസിപ്പണവും കേരളത്തിലേക്കായിരുന്നു. 2020-21-ല്‍ ഇത് 10.2 ശതമാനമായി ചുരുങ്ങി. അതേസമയം, മഹാരാഷ്ട്രയുടെവിഹിതം 2016-17-ലെ 16.7 ശതമാനത്തില്‍നിന്ന് 35.2 ശതമാനത്തിലേക്കുയര്‍ന്നു. കേരളത്തെ രണ്ടാമതാക്കി മഹാരാഷ്ട്ര മുന്നിലെത്തി.