റിയാദ്: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തിനായുള്ള ഗൾഫ് കോർപ്പറേഷൻ കൗൺസിൽ ഉച്ചകോടി സൗദി അറേബ്യയിലെ അൽ ഉലായിൽ വെച്ച് ജനുവരി -5 ന് നടത്തി. 41ാമത് ഉച്ചകോടിക്കാണ് സൗദി അറേബ്യ ആതിഥേയത്വം വഹിച്ചത്.
2017 ൽ ആരംഭിച്ച ഖത്തർ ഉപരോധം ജനുവരി 4 നാണ് സൗദി അറേബ്യ അവസാനിപ്പിച്ചതായി അറിയിച്ചത്. ഈ സന്തോഷവാർത്തയെ തുടർന്നുള്ള ഈ ഉച്ചകോടി വളരെയധികം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
ഒപ്പം യു.എ.ഇ., ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറിനോട് ഉപരോധത്തിൽ നിന്നും പിന്മാറി ഗൾഫ് മേഖലയുടെ നയതന്ത്ര ബന്ധമാണ് ഈ ഉച്ചകോടിയിലൂടെ പുനസ്ഥാപിക്കപ്പെടുന്നത്.
അൽ ഉലാ വിമാനത്താവളത്തിൽ എത്തിയ മുഴുവൻ പ്രതിനിധി സംഘങ്ങളേയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ്, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖിനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ്, കുവൈത്ത് ഭരണാധികാരി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാ, ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ഷൗക്രി, യു.എ.ഇ. വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലെ അൽ ഉലായിൽ എത്തിച്ചേർന്നു.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഉച്ചകോടി ഗൾഫ് പ്രതിസന്ധികൾക്ക് വിരാമം കുറിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.