53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷവേളയിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ നൽകി ദുബായ് ആർ ടി എ. ഈ സംരംഭത്തിൽ സഹകരിച്ച 24 ആശുപത്രികളിലായി 2024 ഡിസംബർ 1 നും 5 നും ഇടയിൽ പ്രസവിച്ച അമ്മമാർക്ക് ഏകദേശം 450 ചൈൽഡ് കാർ സീറ്റുകൾ കൈമാറി. “മൈ ബേബിസ് ഗിഫ്റ്റ് ഓൺ ഈദ് അൽ ഇത്തിഹാദ്” എന്ന പദ്ധതിയുമായി സഹകരിച്ച ദുബായ് പോലീസ്, ദുബായ് ഹെൽത്ത് അതോറിറ്റി, യുനിസെഫ് എന്നിവയെ അഭിനന്ദിക്കുന്നുവെന്ന് ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. ആർ ടി എ യുടെ ഈ സംരംഭത്തിന്റെ അഞ്ചാം വർഷത്തിൽ സഹകരിച്ച . സ്റ്റെം സെല്ലുകളിലും മാതൃ പരിചരണത്തിലും വൈദഗ്ധ്യമുള്ള കമ്പനികളായ സെൽസേവ് അറേബ്യ, എൽവി എന്നീ സ്ഥാപനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
വർഷം തോറും ഡിസംബർ 1 മുതൽ 5 വരെ നടക്കുന്ന ആഘോഷ കാലയളവിൽ പ്രതീക്ഷിക്കുന്ന ജനനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ആശുപത്രികൾക്ക് നിരവധി കാർ സീറ്റുകൾ വിതരണം ചെയ്യുന്നുണ്ട് എന്ന് ഹുസൈൻ അൽ ബന്ന വിശദീകരിച്ചു. എഞ്ചിനീയറിംഗ് (റോഡുകളും വാഹനങ്ങളും), അവബോധം, നിയമം നടപ്പാക്കൽ , സംവിധാനങ്ങളും മാനേജ്‌മെന്‍റും എന്നീ നാല് പ്രധാന ഘടകങ്ങളെ ആധാരമാക്കിയുള്ള ദുബൈയുടെ റോഡ് സുരക്ഷാ നയത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ‘മൈ ബേബിസ് ഗിഫ്റ്റ് ഓൺ ഈദ് അൽ ഇത്തിഹാദ്’ എന്ന സംരംഭത്തിലൂടെ കഴിഞ്ഞ അഞ്ച് വർഷമായി ആശുപത്രികളിലെ അമ്മമാർക്ക് 2,000 ചൈൽഡ് കാർ സീറ്റുകൾ വിതരണം ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ചൈൽഡ് കാർ സീറ്റുകൾ ശരിയായി ഉപയോഗിക്കുന്നത് കുട്ടികളിലെ പരിക്കുകളും മരണനിരക്കും 54 ശതമാനവും നവജാതശിശുക്കളിലേത് 71 ശതമാനവും കുറയ്ക്കുമെന്ന് ആഗോള പഠനങ്ങൾ വ്യക്തമാക്കുന്നു. ചൈൽഡ് കാർ സീറ്റുകൾ 4 മുതൽ 8 വയസ്സുവരെയുള്ള കുട്ടികൾക്കിടയിൽ പരിക്കുകൾ 45% കുറയ്ക്കാൻ സഹായിക്കുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.വാഹനമോടിക്കുമ്പോൾ ഗതാഗത സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. നവജാതശിശുക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ ചൈൽഡ് കാർ സീറ്റുകൾ ഉപയോഗിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു. 4 വയസ് വരെ പ്രായമുള്ള കുട്ടികളെയും കൊണ്ട് യാത്ര ചെയ്യുമ്പോൾ അനുയോജ്യമായ ചൈൽഡ് പ്രൊട്ടക്ഷൻ സീറ്റുകളില്ലെങ്കിൽ 400 ദിർഹം പിഴ ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 10 വയസ്സിന് താഴെ പ്രായമുള്ള അല്ലെങ്കിൽ 145 സെന്‍റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികളെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കില്ലെന്നും നിയമലംഘനത്തിന് 400 ദിർഹം പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു