ഉല്പാദനവും വിൽപനയും അവസാനിപ്പിച്ച് ഇന്ത്യയിൽ നിന്ന് മടങ്ങിയ ഫോഡിന്റെ മടങ്ങിവരവ് അവസാനഘട്ടത്തിൽ. ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പദ്ധതികൾ പൂർത്തിയാകുന്നതായി കമ്പനി അറിയിച്ചു. നികുതി നിരക്കുകൾ സംബന്ധിച്ചു സർക്കാരുമായുളള അവസാനഘട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇത് കൂടി കഴിഞ്ഞാൽ ഇന്ത്യൻ വിപണിയിലേക്ക് ഫോഡിന്റെ തിരിച്ചുവരവ് യാഥാർഥ്യമാകും.ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ അനുമതി തേടിയിരുന്നു. മറൈമലൈനഗറിൽ 350 ഏക്കറിലെ പ്ലാന്റാണ് ഫോഡിനുള്ളത്. നിക്ഷേപ സമാഹരണത്തിന് യുഎസിലെത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമ്പനിയെ സംസ്ഥാനത്തേക്കു വീണ്ടും ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ കമ്പനി തീരുമാനിച്ചത്. നാല് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് ഫോഡ് തിരിച്ചുവരുന്നു.കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തിയായിരിക്കും നിർമാണം പുനരാരംഭിക്കുക. നിലവിൽ, തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസിൽ ഫോർഡിന് 12,000 തൊഴിലാളികളോളമുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ 2,500 മുതൽ 3,000 വരെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതും. നഷ്ടം കുമിഞ്ഞുകൂടിയതും വളർച്ചയുടെ അഭാവവും മൂലവുമാണ് 2021-ൽ ഫോഡ് ഇന്ത്യ വിട്ടത്. സമ്പൂർണ ഇറക്കുമതിയായി ചില കാറുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യ വിട്ടത്.